ഞീഴൂർ : നൂറുമേനിയിൽ റെക്കാഡ് നേട്ടത്തിന്റെ പൊൻതിളക്കവുമായി ഞീഴൂർ വിശ്വഭാരതി ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ. എസ്.എസ്.എൽ.സി പരീക്ഷയിൽ മുൻവർഷങ്ങളിലേതിനെക്കാൾ റെക്കാഡ് നേട്ടമാണ് ഇത്തവണ കൈവരിച്ചത്. 24 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചു. കൊവിഡും ലോക്ക്ഡൗണും മൂലം ക്ലാസ് മുറികളിൽ നിന്ന് മാറി ഡിജിറ്റൽ ക്ലാസ് മുറികളിലൂടെ നടത്തിയ പാഠ്യപദ്ധതിയുടെ വിജയംകൂടിയാണിത്. വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും ഏകോപനത്തിന്റെയും നേട്ടം സ്‌കൂളിന് പൊൻതൂവലായി. വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അനുമോദിച്ചു. സ്‌കൂൾ മാനേജർ എം.വി.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസപ്പൽ വി.സി.സുരേഷ്, പി.ടി.എ പ്രസിഡന്റ് പി.എസ്.സത്യൻ, കൺവീനർ പി.ബി.പുഷ്പാംഗദൻ, എസ്.രജീഷ്, നിഷാ മാധവൻ, പി.ജി.ഉഷ, കെ.സി.ഷാലിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.