pic

കോട്ടയം : കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും രാമായണ മാസാചരണത്തിന് നാളെ തുടക്കം. ആദർശവാനായ ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് ഓർമ്മപ്പെടുത്തുന്ന ശ്രീരാമന്റെ സന്താപവും സന്തോഷവും മാനസിക സംഘർഷവും നിറഞ്ഞ ജീവിതകഥയിലൂടെ ഇനി ഒരുമാസക്കാലം ലോകമെങ്ങുമുള്ള മലയാളികൾ ഭക്തിയുടെ പുഷ്പക വിമാനത്തിലാവും സഞ്ചാരം. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്ന സാഹചര്യത്തിൽ എഴുത്തച്ഛന്റെ 'അദ്ധ്യാത്മരാമായണ 'പാരായണം ഇക്കുറി ക്ഷേത്രങ്ങളിൽ ഉണ്ടാവും. നാലമ്പലങ്ങളിൽ പൂജകളും വഴിപാടുകളുമാണ് അനുവദിച്ചിട്ടുള്ളത്. ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടാകില്ല. പൊതുഇടങ്ങളിലും രാമായണവുമായി ബന്ധപ്പെട്ട പരിപാടികൾ കാണില്ല.

രാമായണ വില്പന കാലം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് രാമായണമാസത്തിലാണ്. ദേവസ്വംബോർഡിനു പുറമേ പ്രമുഖ പ്രസാധകരും കൊവിഡ് കാലത്തും അദ്ധ്യാത്മരാമായണത്തിന്റെ നല്ല വില്പന പ്രതീക്ഷിക്കുന്നു. ഓൺലൈനിലും ഇ-ബുക്കായും പ്രമുഖ പ്രസാധകർ വിലക്കിഴിവ് പ്രഖ്യാപിച്ച് രാമായണം വില്പന തുടങ്ങി. ഒപ്പം പുസ്തക പ്രേമികളെ ആകർഷിക്കാൻ രാമായണം ക്വിസ് മത്സരവും സമ്മാന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഓഡിയോ രൂപത്തിലുള്ള രാമായണ സി.ഡിയ്ക്ക് നല്ല വില്പനയാണ് പ്രതീക്ഷിക്കുന്നത്.ആകാശവാണിയിൽ ഇനി ഒരുമാസക്കാലം പുലർച്ചെ രാമായണ പാരായണം ഉണ്ടാവും. കാവാലം ശ്രീകുമാർ,ബി.അരുന്ധതി തുടങ്ങിയവരുടെ ആലാപനത്തോട് ഭക്ത ശ്രോതാക്കൾ ഏറെ താത്പര്യമാണ് കാണിക്കുന്നത്

ഔഷധ സേവയും പിഴിച്ചിലും

സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. മഴയും വെയിലും മാറിമാറി വരുന്നതിനാൽ‍ കള്ളക്കർ‍ക്കടകമെന്നും വിളിപ്പേരുണ്ട്. മനസിന്റെ കാരകനായ ചന്ദ്രനും ശരീരകാരകനായ സൂര്യനും ഒരേ സമയം ഭൂമിയിലേക്കു നോക്കുന്ന സമയമാണിത്. പിതൃക്കൾക്ക് പ്രിയപ്പെട്ട ഈ കാലത്താണ് കർക്കടകവാവും പിതൃതർപ്പണവും നടക്കുന്നത്. ആയുർ‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. മനസും ശരീരവും ശുദ്ധമാക്കുന്ന മാസം. മനുഷ്യ പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീർത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത്. മര്യാദ പുരുഷോത്തമനായ രാമന്റെ അപദാനങ്ങൾ നിറഞ്ഞ ‍ രാമായണത്തിലെ 24,000 ശ്ലോകങ്ങളാണ്‌ ഒരു മാസത്തിനുള്ളിൽ പാരായണം ചെയ്യേണ്ടത്.

·