exam

വിദ്യാർത്ഥികൾ ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടിയവർ

കോട്ടയം : ലാറ്ററൽ എൻട്രി വഴി ബി.ടെക് അഡ്‌‌‌മിഷൻ നേടിയ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യാനാവാതെ വന്നതോടെ ദുരിതത്തിൽ. ചില സാങ്കേതിക പ്രശ്നങ്ങളും കൊവിഡ് സാഹചര്യങ്ങളും മൂലം കേരളത്തിലെ 23 കോളേജുകളിൽ നിന്നായി 235 വിദ്യാർത്ഥികൾക്കാണ് വെബ് സൈറ്റിൽ മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യാൻ സാധിക്കാതെ വന്നത്. 2020-21 അക്കാഡമിക് വർഷത്തെ മൂന്നാം സെമസ്റ്റർ ബി.ടെക് ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നതിന് സർക്കാർ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ മാത്രമേ ലാറ്ററൽ എൻട്രി വഴി അഡ്‌മിറ്റ് ചെയ്യാവൂ എന്നു നേരത്തെ നിർദേശിച്ചിരുന്നു. കേരള ടെക്‌നോലോജിക്കൽ യൂണിവേഴ്സിറ്റി ആഗസ്റ്റ് 17 ന് ക്ലാസുകൾ ആരംഭിക്കാൻ കോളേജുകൾക്ക് നിർദ്ദേശം നൽകുകിയിരുന്നു. തുടർന്ന് ഡിപ്ലോമ കഴിഞ്ഞ വിദ്യാർത്ഥികൾ റിസൾട്ട്‌ പ്രസിദ്ധീകരിച്ചയുടൻ ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ പ്രൊവിഷണലായി കേരളത്തിലെ മിക്ക കോളേജുകളിലും അഡ്മിഷൻ എടുത്തു. എന്നാൽ വെബ്സൈറ്റിൽ മാർക്ക്‌ അപ്‌ലോഡ് ചെയ്യാനായില്ല.

 60% മേൽ മാർക്ക് വാങ്ങിയവരും ഒൗട്ട്

2020-21 അക്കാഡമിക് വർഷത്തിൽ എൻട്രൻസ് പരീക്ഷ നടത്താൻ പറ്റാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഡിപ്ലോമ മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ 60% മാർക്ക് മാത്രം വേണമെന്നിരിക്കെ അതിലും കൂടുതൽ മാർക്ക്‌ വാങ്ങി പാസായ വിദ്യാർത്ഥികളാണ് പ്രതികൂല സാഹചര്യങ്ങൾ മൂലം മാർക്ക്‌ അപ്‌ലോഡ് ചെയ്യാൻ സാധിക്കാതെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാതിരുന്നത്. മുൻ വർഷങ്ങളിൽ പ്രൊവിഷണലായി അഡ്മിറ്റ്‌ ചെയ്ത വിദ്യാർത്ഥികളെ കോഴ്സ് തുടരാൻ കോളേജ് അനുവദിക്കുകയായിരുന്നു.

നിയമപോരാട്ടത്തിന് വിദ്യാർത്ഥികൾ

ഡിപ്ലോമ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ബി.ടെക് കോഴ്സിന് ചേരാൻ നിർബന്ധിതരാകുന്നത്. കേരള ടെക്‌നോലോജിക്കൽ യൂണിവേഴ്സിറ്റി ഏപ്രിൽ 15 ന് നടത്തിയ പരീക്ഷയും വിദ്യാർത്ഥികൾക്ക് എഴുതാനായില്ല. കൊവിഡ് സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ബാക്കിയുള്ള പരീക്ഷ മാറ്റിവച്ചു. ഈ സാഹചര്യത്തിൽ വിദ്യർത്ഥികൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.