കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ ആസ്ഥാനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. ഓഫീസിലെത്തിയ മന്ത്രിയെ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ സ്വീകരിച്ചു. വൈസ് പ്രസിഡന്റ് വിധു എ.സോമൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച ഡയാലിസിസ് യൂണിറ്റ് ഉടൻ പ്രവർത്തനമാരംഭിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ എല്ലാ ദിവസവും തുറക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂണിയൻ ഭാരവാഹികൾ മന്ത്രിക്ക് നിവേദനം നൽകി. നിരവധി പേർക്ക് ഒരേസമയം സേവനം ലഭ്യമാക്കാൻ സൗകര്യമുള്ള യൂണിറ്റ്, നിസാര കാരണങ്ങളെ തുടർന്ന് പ്രവർത്തനം വൈകിപ്പിക്കുകയാണ്. ആഴ്ചയിൽ ഏതാനും ദിവസങ്ങൾ കടകൾ തുറക്കുമ്പോൾ ആൾക്കൂട്ടത്തിനും തിരക്ക് വർദ്ധിക്കാനും കാരണമാകും. സ്ഥാപനങ്ങൾ തുടർച്ചയായി അടച്ചിടുന്നതിനാൽ തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്. വിവിധ ഉത്പ്പന്നങ്ങൾ നശിച്ചുപോകുന്നു. ഒട്ടോറിക്ഷ തൊഴിലാളികൾ, സ്വകാര്യ ബസ് ജീവനക്കാർ, ചെറുകിട സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവർ, തിയറ്റർ ജീവനക്കാർ, പ്രസ്, സൗണ്ട് മേഖലയിലുള്ളവർ, കാറ്ററിംഗ്‌ഡെക്കറേഷൻ മേഖലകളിലെ തൊഴിലാളികൾ തുടങ്ങിയവരെല്ലാം ദുരിതത്തിലാണ്. ഇവർക്ക് ചെറിയ സാമ്പത്തിക സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. വ്യാപാര മേഖലയിലുള്ളവരുടെ വായ്പ തിരിച്ചടവുകൾ 2 വർഷമായി മുടങ്ങിയിരിക്കുകയാണ്. മോറട്ടോറിയം പ്രഖ്യാപിക്കുന്നതിനൊപ്പം ഈ കാലയളവിലെ പലിശയ്ക്കും ഇളവ് നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.