കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഉന്നത നേതാക്കൾ ബഹിഷ്‌കരിച്ചതോടെ പാർട്ടിയിലെ സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള അതൃപ്തി മറനീക്കി പുറത്തുവന്നു.
ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്, ജോണിനെല്ലൂർ, തോമസ് ഉണ്യാടൻ, അറയ്‌ക്കൽ ബാലകൃഷ്ണപിള്ള, വിക്ടർ ടി. തോമസ് തുടങ്ങിയവരാണ് വിട്ടുനിന്നത്. പി.ജെ.ജോസഫിന്റെ തൊടുപുഴയിലെ വീട്ടിൽ നടന്ന യോഗത്തിൽ ഇവർ ചില നേതാക്കളുടെ അപ്രമാദിത്വത്തിനെതിരെ പ്രതിഷേധിച്ചത് ഒച്ചപ്പാടുണ്ടാക്കിയിരുന്നു. തുടർന്ന് സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച് യോഗം പിരിയുകയായിരുന്നു.
വാക്സിനേഷന്റെ പനി കാരണമാണ് ഫ്രാൻസിസ് ജോർജ്ജ് വരാത്തതെന്ന് ചെയർമാൻ പി.ജെ.ജോസഫിനും ജോണിനെല്ലൂർ റേഷൻ ഡീലേഴ്സ് അസോസിയേഷൻ യോഗത്തിൽ പങ്കെടുക്കുകയാണെന്ന് വർക്കിംഗ് ചെയർമാൻ പി.സി.തോമസിനും ഓഫീസ് ഉദ്ഘാടന ചടങ്ങിൽ വിശദീകരിക്കേണ്ടിവന്നു. മറ്റു നേതാക്കളുടെ അസാന്നിദ്ധ്യത്തെക്കുറിച്ച് വിശദീകരണം ഉണ്ടായില്ല.
മോൻസ് ജോസഫും ഫ്രാൻസിസ് ജോർജും ആദ്യം ഡെപ്യൂട്ടി ചെയർമാൻമാരായിരുന്നു. പിന്നീട് മോൻസിനെ എക്സിക്യുട്ടീവ് ചെയർമാനും ജോയ് എബ്രഹാമിനെ സെക്രട്ടറി ജനറലുമാക്കിയതാണ് ഒരു വിഭാഗത്തിന്റെ അകൽച്ചയ്ക്ക് കാരണം.
സീനിയറായ തങ്ങളെ താഴ്ന്ന പദവിയിൽ ഒതുക്കിയതിൽ മറ്റു പാർട്ടി വിട്ടുവന്ന ഫ്രാൻസിസ് ജോർജ്ജിനും ഒപ്പം നിൽക്കുന്നവർക്കും കടുത്ത അതൃപ്തിയായി. പാർട്ടിയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് നാലംഗ സംഘമാണെന്ന് ആരോപിക്കുന്ന വിമത നേതാക്കളെ അനുനയിപ്പിക്കാൻ പി.ജെ. ജോസഫ് വീട്ടിൽ വിളിച്ച യോഗം വാക്കേറ്റത്തിലാണ് അവസാനിച്ചത്. ഇതിന്റെ തുടർച്ചയാണ് ബഹിഷ്കരണമെന്നാണ് ആരോപണം. അതേസമയം പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും സംഘടനാതിരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്നും ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു.