പാലാ : കൂറ്റൻ പാറക്കല്ല് അടർന്നുവീണു വീട് പൂർണമായും തകർന്നു. ഭരണങ്ങാനം പഞ്ചായത്ത് കയ്യൂർ വാർഡിൽ മാരിയ്ക്കൽ ദേവസ്യയുടെ വീടാണ് തകർന്നത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. സമീപത്തെ മലയിൽ നിന്നും അടർന്നുവീണ രണ്ട് വലിയ കല്ലുകൾ വീട്ടിലേക്ക് പതിക്കുകയായിരുന്നു.സംഭവസമയം മുറിക്കുള്ളിൽ പഠിക്കുകയായിരുന്നു ദേവസ്യയുടെ മകൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇനിയും വലിയ കല്ലുകൾ അടർന്നു വീഴാനുള്ള സാധ്യതയുണ്ടെന്നും ആറ് വീടുകൾ കൂടി അപകടസ്ഥിതിയിലാണെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്തംഗം രാജേഷ്‌ വാളിപ്ലാക്കൽ പറഞ്ഞു. സമീപത്തുള്ള പാറമടയിൽ നിന്നുളള ഞടുക്കത്തിൽ ആണ് കല്ലുകൾ താഴേക്ക് വീഴുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വീട് തകർന്നവരെ മാറ്റിപ്പാർപ്പിച്ചു നാശനഷ്ടം നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ റവന്യൂ ഉദ്യോഗസ്ഥരോടും ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികാരികളും ജനപ്രതിനിധികളും സംഭവസ്ഥലം സന്ദർശിച്ചു.