പാലാ: ദേശീയപാത 183ലെ മണർകാട് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മണർകാട് അയർകുന്നം കിടങ്ങൂർ പാലാ കരിംകുന്നം വെങ്ങല്ലൂർ വഴി ദേശീയപാത 85ലെ ഊന്നുകൽ വരെയുള്ള റോഡ് കേന്ദ്ര സർക്കാരിന്റെ ഭാരത് മാല റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിന് അംഗീകാരമായി. കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ഠ പദ്ധതി. ഭാരത് മാല റോഡ് പദ്ധതിൽ 11 റോഡുകളാണ് കേരളത്തിൽ നവീകരിക്കുന്നതിനായി അംഗീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും കേന്ദ്ര ഗതാഗത വകുപ്പു മന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് റോഡ് വികസന പദ്ധതികൾക്ക് തീരുമാനമായത്. ചങ്ങനാശേരി വാഴൂർ 14ാം മൈൽ റോഡും ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.തിരക്കേറിയ കിടങ്ങൂർ മണർകാട് റോഡ് വികസനം ദീർഘകാലമായുള്ള ആവശ്യമായിരുന്നു.പാലാ മേഖലയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള സമാന്തരപാത കൂടിയാണ് കിടങ്ങൂർ മണർകാട് പുതുപ്പള്ളി തിരുവല്ല റോഡ്. കിടങ്ങൂർ മണർകാട് റോഡ് വികസിപ്പിക്കുന്നതോടെ ഈ ഭാഗത്തേയ്ക്കുള്ള യാത്ര സുഗമമാകും. ഏറ്റുമാനൂർ വഴിയുള്ള യാത്രാതിരക്ക് കുറയുന്നതിനും ഈ റോഡ് വികസനം വളരെ സഹായകരമാകും. വീതി കുറഞ്ഞ അയർക്കുന്നം ഭാഗത്ത് നിർദ്ദിഷ്ട പദ്ധതിയിൽ ബൈപാസ് വിഭാവനം ചെയ്തിട്ടുണ്ട്.ഇതോടെ ഈ ഭാഗത്തെ വളവുകളും ഇല്ലാതാകും. 16 മീറ്റർ വരെ വീതിയിൽ റോഡ് പുനർനിർമ്മിക്കാനാണ് പദ്ധതി.
നടപടി സ്വീകരിക്കണം
ദേശീയപാത വിഭാഗവും സംസ്ഥാന റോഡ് വിഭാഗവും സംയുക്തമായി ഭാവി വികസനം കൂടി കണ്ട് റോഡ് വികസനത്തിനായുള്ള പദ്ധതി സമയബന്ധിതമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷൻ നിർവാഹക സമിതി യോഗം ചൂണ്ടിക്കാട്ടി.
യോഗത്തിൽ പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ ജയ്‌സൺമാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.