പൊൻകുന്നം: പഞ്ചായത്ത് വഴി കൈയേറിയെന്ന ആരോപണത്തെത്തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരെത്തി വഴി അളന്നു തിട്ടപ്പെടുത്തി. ചെറുവള്ളി കിഴക്കേക്കര ആശ്രമം പടിയിൽ നിന്നാരംഭിച്ച് കിഴക്കെയിൽ ദുർഗ്ഗാദേവീ ക്ഷേത്രം വരെയെത്തുന്ന പാതയ്ക്ക് അഞ്ഞൂറുമീറ്ററിലേറെയാണ് ദൂരം. ക്ഷേത്രത്തിലേക്കെത്തുന്നതിനും കൂടാതെ പത്തോളം വീട്ടുകരും ഉപയോഗിച്ചുവരുന്ന വഴിയാണിത്. ഇരുവശത്തുനിന്നുമുള്ള അനധികൃത കൈയേറ്റം മൂലം വഴിയുടെ വീതി കുറയുന്നതായി നാട്ടുകാർ റവന്യു മന്ത്രിക്കടക്കം പരാതി അയച്ചിരുന്നു. വില്ലേജ് ഓഫീസർ നടത്തിയ പ്രാഥമിക പരിശോധനയിൽ കൈയേറ്രം ബോധ്യപ്പെട്ടതിനെത്തുടർന്നാണ് വഴി അളന്നുതിട്ടപ്പെടുത്തിയത്. വഴിയുടെ നവീകരണത്തിനായി ഗ്രാമപഞ്ചായത്ത് തുക അനുവദിച്ചിരുന്നെങ്കിലും വീതി കുറവായതിനാൽ തുക ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.അളന്നു തിട്ടപ്പെടുത്തിയ വഴിയുടെ സ്‌കെച്ചും പ്ലാനും തയാറാക്കി പഞ്ചായത്തിനു നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.തടസങ്ങൾ നീങ്ങിയാൽ ഉടൻ വഴിയുടെ നവീകരണജോലികൾ നടത്തുമെന്ന് ഗ്രാമപഞ്ചായത്തംഗം സിന്ധുദേവി പറഞ്ഞു.