പാലാ : കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട മധ്യപ്രദേശ് യുവതികളെ രക്ഷപെടുത്തി. പാലാ സ്റ്റേഡിയത്തിന് സമീപം ളാലം തോട്ടിൽ ഇന്നലെ രാവിലെ 11.15 ഓടെയായിരുന്നു സംഭവം. പാലായിൽ സ്ലോലെസ് ബ്യൂട്ടിപാർലറിലെ ജീവനക്കാരും മധ്യപ്രദേശ് സ്വദേശികളുമായ നെഹ, ബിന്ധ്യ, രൺബീർ, സുജുലാൽ, ചന്ദ്ര് എന്നിവരാണ് പുഴകരകടവിൽ കുളിക്കാനിറങ്ങിയത്. എന്നാൽ ശക്തമായ ഒഴുക്കുള്ള ഇവിടെ കുളിക്കുന്നത് സമീപവാസിയായ വീട്ടമ്മ വിലക്കിയിരുന്നു. നീന്തുന്നതിനിടെ നെഹയും ബിന്ധ്യയും ഒഴുക്കിൽപെടുകയായിരുന്നു. ബിന്ധ്യ തോട്ടിലെ ചെടിയിൽ പിടിച്ചുകിടന്നെങ്കിലും നെഹ 150 മീറ്ററോളം താഴേട്ട് ഒഴുകിപോയി.

സംഭവസമയം പാലാ സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ജില്ലാ സ്‌പോർട്‌സ് ഓഫീസർ എസ്. മനോജ്, സ്‌പോർട്‌സ് കൗൺസിൽ നീന്തൽ പരിശീലകൻ വേണുഗോപാൽ, അത് ലറ്റിക് പരിശീലകൻ ബൈജു ജോസഫ് എന്നിവരാണ് തോട്ടിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. പുഴക്കരപാലത്തിന് സമീപത്ത് നിന്നും നെഹയെ രക്ഷപെടുത്തി കരക്കെത്തിച്ചു. പാലാ എസ്.എച്ച്.ഒ തോംസൺ കെ പീറ്റർ, ഫയർഫോഴ്‌സ് ഓഫീസർ ബിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ കരക്കെത്തിച്ച യുവതിയെ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ച് ശുശ്രൂഷകൾ നൽകിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.