തലയോലപ്പറമ്പ് : സെപ്ടിക്ക് ടാങ്കിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 4.30 ഓടെ തലയോലപ്പറമ്പ് കെ.ആർ ആഡിറ്റോറിയത്തിന് സമീപമാണ് സംഭവം. മംഗലത്ത് എം.എ.അക്ബറിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വയസ് പ്രായമുള്ള പോത്താണ് പറമ്പിലെ പുല്ല് തിന്നുന്നതിനിടെ സമീപവാസിയുടെ 8 അടിയോളം താഴ്ച്ചയുള്ള ടാങ്കിൽ വീണത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കടുത്തുരുത്തി ഫയർഫോഴ്‌സെത്തി പോത്തിനെ പുറത്തെടുത്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാർ ഫയർ ഓഫീസർമാരായ അനൂപ് കൃഷ്ണൻ, നിജിൽ കുമാർ, പ്രിജിൻ പ്രകാശ്, ഹബീബ്, രാകേഷ്, ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.