എരുമേലി : എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ നിർമ്മിച്ച ഗുരുകാരുണ്യ ഭവനത്തിന്റെ താക്കോൽ ദാനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. കണിച്ചുകുളങ്ങരയിൽ വച്ച് മൂക്കൻപെട്ടി സ്വദേശി ലൈജു സുകുമാരനാണ് താക്കോൽ കൈമാറിയത്. എരുമേലി യൂണിയൻ നേതാക്കളായ എം.ആർ.ഉല്ലാസ്, കെ.ബി.ഷാജി, എം.വി. അജിത്കുമാർ, വിനോദ് എരുമേലി, സന്തോഷ് പാലമൂട്ടിൽ, വിശ്വനാഥൻ പതാലിൽ, രവി കുമാർ, 1743ാം നമ്പർ ശാഖാ നേതാക്കളായ ശശിധരൻ പാറയിൽ ,ശിവദാസ് പുത്തൻപുരയിൽ, റെജിമോൻ പൊടിപ്പാറ, ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ജന്മനാ ഒരു കൈയ്ക്ക് സ്വാധീനക്കുറവുള്ള ലൈജു മൂന്ന് കുട്ടികളും ഭാര്യയുമായി ഓലഷെഡിലായിരുന്നു താമസം. ശാഖാ ഭാരവാഹികളുടെ അഭ്യർത്ഥന പ്രകാരം യൂണിയൻ ഭാരവാഹികൾ യോഗം ജനറൽ സെക്രട്ടറിയെ വിവരം ധരിപ്പിക്കുകയും വീട് പണിത് നൽകാൻ ജനറൽ സെക്രട്ടറി നിർദ്ദേശം നൽകുകയുമായിരുന്നു. മൂന്ന് മാസം കൊണ്ട് ശാഖയുടെ സഹകരണത്തോടെ യൂണിയൻ ഭവന നിർമ്മാണം പൂർത്തീകരിച്ചു.