കോട്ടയം: കൊവിഡിനെത്തുടർന്ന് മോഷ്ടാക്കൾക്കും മറ്റ് ക്രമിനലുകൾക്കും കൂട്ടത്തോടെ സർക്കാർ പരോൾ അനുവദിച്ചതോടെ അതീവ ജാഗ്രതാ നിർദേശം. ജില്ലയിൽ മാത്രം മുപ്പതോളം സ്ഥിരം മോഷ്ടാക്കൾ പരോളിലിറങ്ങിയിട്ടുണ്ട്.
മഴക്കാലമായതോടെ ഇക്കൂട്ടർക്ക് കൊയ്ത്തു കാലമായെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ജില്ലയിലെ വിവിധ ലോഡ്ജുകളും ആളൊഴിഞ്ഞ പുരയിടങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് ഇവർ തമ്പടിച്ചിരിക്കുന്നതെന്നാണ് വിവരം. മഴക്കാലവും കൊവിഡും എത്തിയത് മോഷ്ടാക്കൾക്ക് ഏറെ അനുകൂല സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ കടകൾ പലതും പാതിരാത്രി വരെ തുറന്നിരിക്കുമായിരുന്നു. അതുകൊണ്ടു തന്നെ മോഷ്ടാക്കൾക്ക് രാത്രിയിൽ വളരെ കുറച്ച് സമയം മാത്രമാണ് ലഭിച്ചിരുന്നത്. ഇപ്പോൾ എട്ടു മണിയ്ക്ക് കടകൾ അടയ്ക്കുന്നതോടെ ഇവർ വീണു കിട്ടിയ അവസരം മുതലാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ജില്ലയിൽ 40 മോഷണങ്ങൾ
രണ്ടു മാസത്തിനിടെ ജില്ലയിൽ നടന്നത് നാൽപ്പതിലേറെ മോഷണങ്ങളാണ്. മോഷ്ടാക്കളിൽ പലരും പരോളിൽ ഇറങ്ങിയവരാണെന്ന് പൊലീസ് പറയുന്നു. അടുത്തിടെ നടന്ന കാണിക്കവഞ്ചി കവർച്ചയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലും ഇതു സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു. ഈ കേസിൽ കായംകുളം സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കൊവിഡിന്റെ മറവിൽ പരോൾ നേടിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ജാഗ്രതാ നിർദേശം
പരമാവധി സ്ഥലങ്ങളിൽ സി.സി. ടി.വി. കാമറാ സ്ഥാപിക്കുക
ലോക്കുകൾ പെട്ടെന്ന് തുറക്കാൻ സാധിക്കാത്ത വിധമാക്കുക
കടകൾക്കു മുന്നിൽ പൂട്ടിന്റെ ഭാഗത്ത് ലൈറ്റ് സ്ഥാപിക്കുക.
വീടുകളുടെ പിൻവാതിൽ ബലമുള്ളതാണെന്ന് ഉറപ്പാക്കുക.
അപരിചിതരായ കച്ചവടക്കാരെ വീട്ടിൽ കയറ്റാതിരിക്കുക
കൊവിഡ് പരിശോധന കൂടാതെ മോഷ്ടാക്കൾ കൂടുതലായി തമ്പടിക്കുന്ന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
- പൊലീസ് മേധാവി