സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർച്ചയുടെ വക്കിൽ

പൊൻകുന്നം:പ്രതാപ ഐശ്വര്യങ്ങളുടെ ഭൂതകാലമോർത്ത് നെടുവീർപ്പിടുകയാണ് പാരലൽകോളേജ് അദ്ധ്യാപകർ.കൊവിഡിനു മുമ്പേ തകർച്ച തുടങ്ങിയതാണ്. കൊവിഡ്കാലത്ത് അത് പൂർണ്ണമായി എന്നു പറയാം. പത്താം ക്ലാസ് പരീക്ഷാഫലം വരുമ്പോൾ എത്രകുട്ടികൾ ജയിച്ചു എന്നതിനപ്പുറം എത്ര കുട്ടികൾ തോറ്റു എന്നറിയാൻ ആകാംക്ഷയോടെ കാത്തിരുന്നവർ. ഇന്ന് ആ കാത്തിരിപ്പിന് അർത്ഥമില്ലാതായി. കാരണം തോൽക്കുന്നവരുടെ എണ്ണം അര ശതമാനത്തിലെത്തിയിരിക്കുന്നു.
പണ്ടൊക്കെ 50-60 ശതമാനമൊക്കെയായിരുന്നു എസ്.എസ്.എൽ.സി വിജയം. ബാക്കിയുള്ളവർ എത്തുന്നത് പാരലൽ കോളേജ് എന്ന ട്യൂട്ടോറിയൽ കോളേജുകളിലേക്ക്.ആത്മാർത്ഥതയോടെ അവരെ കൈപിടിച്ച് വിജയപഥത്തിലെത്തിച്ചിരുന്നവർ.ഒരുകാലത്ത് മുക്കിനു മുക്കിനു കൂണുപോലെ മുളച്ചു പൊങ്ങിയിരുന്ന ട്യൂട്ടോറിയൽ കോളേജുകൾ ഇന്ന് അപൂർവ്വം.പലതും നിന്നുപോയി.ചിലരൊക്കെ കാലത്തിനനുസരിച്ച് മാറി.ഡിഗ്രി കോഴ്‌സുകളിലേക്കും സാങ്കേതിക വിദ്യാഭ്യാസമേഖലയിലേക്കും ചുവടുമാറ്റി.ട്യൂഷൻ സെന്ററുകളായും ചില സ്ഥാപനങ്ങൾ നിലനിന്നു.
ഇപ്പോൾ കൊവിഡ് എന്ന മഹാമാരിയിൽ ഏറ്റവും ദുരിതമനുഭവിക്കുന്നതും ഇവർതന്നെ. കൊവിഡിൽ നഷ്ടമായത് രണ്ട് അദ്ധ്യായന വർഷങ്ങൾ.കൊവിഡ് മൂലം അപ്രതീക്ഷിതമായി കോളേജ് അടച്ചപ്പോൾ ഒരു വർഷത്തെ ഫീസാണ് നഷ്ടമായത്. കൊവിഡ് ഇല്ലാതായാൽ ട്യൂഷൻ എടുത്തെങ്കിലും ജീവിക്കാം എന്ന പ്രതീക്ഷയിലാണ് സമാന്തര വിദ്യാഭ്യാസ മേഖലയിലുള്ളവർ.സാങ്കേതികവിദ്യാഭ്യാസമേഖലയ്ക്ക് ഉത്തേജക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 23ന് സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹ സമരം നടത്തുന്നുണ്ട് ഒരുവിഭാഗം.

കഴിഞ്ഞ വർഷം മൂന്നുമാസം കോളേജ് തുറന്നെങ്കിലും മിക്ക കുട്ടികളും ക്വാറന്റൈനിലായിരുന്നതിനാൽ ക്ലാസ് നടന്നില്ല.ഓൺലൈൻ ക്ലാസിനോട് മുതിർന്ന കുട്ടികൾക്ക് താല്പര്യമില്ല.പലർക്കും സഹായം നൽകുന്ന സർക്കാരിന്റെ പട്ടികയിൽ ഞങ്ങളില്ല.
ജോർജ്ജ് തോമസ് ,ന്യൂ ഇൻഡ്യാ കോളേജ് ,മുണ്ടക്കയം.


സർക്കാരിന്റെ ഒരു സഹായവും ഇല്ല.ലോൺ അടയ്ക്കാൻ മാർഗമില്ല.കടക്കെണിയിൽ പലരും ആത്മഹത്യയുടെ വക്കിലാണ്.കെട്ടിടവാടക കൃത്യമായി അടച്ചില്ലെങ്കിൽ സ്ഥാപനം ഇല്ലാതാകും.
ഉന്മേഷ്‌കുമാർ,നളന്ദ കബ്യൂട്ടേഴ്‌സ്,എരുമേലി.