പാലാ : കൊവിഡ് കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്ന് പാലാ ഗവ. ഹോമിയോ ആശുപത്രിയിലെ ഡോ.അശ്വതി.ബി. നായർ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, സൈബർ സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ 'കൊവിഡ് അതിജീവനം' ആരോഗ്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്ന് ഹോമിയോപ്പതിയിൽ ഉണ്ട്. ഡോക്ടർമാരുടെ മാർഗനിർദ്ദേശപ്രകാരം കൃത്യമായി പ്രതിരോധ മരുന്ന് കഴിച്ചവരിൽ കാര്യമായി രോഗം ബാധിച്ചിട്ടില്ല. മുലകുടിക്കുന്ന കുട്ടികൾക്കൊഴികെ ആർക്കും പ്രതിരോധ മരുന്ന് കഴിക്കാം. പാർശ്വഫലങ്ങളില്ല. കൊവിഡാനന്തര രോഗങ്ങളാൽ വലയുന്നവർക്കും ഹോമിയോയിൽ ഫലപ്രദമായ മരുന്നുകളുണ്ട്. 95 ശതമാനം പേരിലും കൊവിഡ് ഒരു ജലദോഷപ്പനി പോലെ വന്നു പോയേക്കാം. എന്നാൽ മാരകമാകുന്നവർക്ക് തീവ്രപരിചരണ ചികിത്സ കൂടിയേ തീരൂ. കൊവിഡ് രോഗികളെയും കൊവിഡാനന്തര രോഗികളേയും ചികിത്സിക്കാൻ ടെലികൺസൾട്ടേഷൻ സൗകര്യവും പാലാ ഗവ.ഹോമിയോ ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ.അശ്വതി പറഞ്ഞു. ഫോണിൽ ഡോക്ടറെ രോഗ വിവരം ധരിപ്പിച്ച ശേഷം രോഗികളുടെ വീട്ടുകാർക്ക് പാലാ ഹോമിയോ ആശുപത്രിയിലെത്തി മരുന്ന് കൈപ്പറ്റാം. സെമിനാറിൽ പങ്കെടുത്തവർക്ക് പ്രതിരോധ മരുന്ന് സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടനം മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാറിന് മരുന്ന് നൽകി ഡോ. അശ്വതി ബി. നായർ നിർവഹിച്ചു. രാമപുരം സി.ടി.രാജൻ, സോളി ഷാജി തലനാട്, ബിന്ദുസജി മനത്താനം, അനീഷ് ഇരട്ടയാനി, തുടങ്ങിയവർ പങ്കെടുത്തു.