പാലാ : കേവലം രണ്ടുകിലോമീറ്റർ റോഡ് പണി തുടങ്ങിയിട്ട് ഒന്നര വർഷം കഴിഞ്ഞു, ഇതു വരെ എങ്ങുമെത്തിയില്ല ഈ വഴി. മൂന്നിലവ് - നരിമറ്റം റോഡുപണിയാണ് തുടങ്ങിയിടത്തു തന്നെ നിൽക്കുന്നത്. കാരണം ഒന്ന് മാത്രം
അധികാരികളുടെ അവഗണന. ബി.എം.ബി.സി നിലവാരത്തിൽ പണിയാൻ ഉദ്ദേശിക്കുന്ന റോഡിന്റെ അവസ്ഥ പരിതാപകരമാണ്. ഇരുവശങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ഈ റോഡിനെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം പൂർത്തിയായതുമാത്രമാണ് ആശ്വാസകരമായ കാര്യം. രണ്ടുവർഷമായിരുന്നു നിർമ്മാണ കാലാവധി.
ഈ റോഡിന്റെ തുടർച്ചയായ കളത്തൂക്കടവ് മൂന്നിലവ് റോഡ് വർഷങ്ങൾക്ക് മുൻപ് പണിതീർത്ത് ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. മൂന്നു കിലോമീറ്ററായിരുന്നു ദൂരം. സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമി ഏറ്റെടുക്കാതെ നിലവിലുള്ള റോഡ് വീതികൂട്ടി പണിയുകയായിരുന്നു. എന്നാൽ, മൂന്നിലവ് നരിമറ്റം റോഡിന്റെ പലയിടങ്ങളിലും സർക്കാർ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലവിലുണ്ട്. പക്ഷെ സ്വകാര്യവ്യക്തികളുടെ സ്ഥലം റോഡിനായി ഏറ്റെടുക്കേണ്ട എന്നതാണ് വസ്തുത. സർക്കാർ ഭൂമി വീണ്ടെടുത്താൽ മാത്രം മതി.
ഇല്ലിക്കൽക്കല്ലിലേക്കുള്ള പ്രധാന റോഡ്
ജില്ലയിലെ പ്രശസ്ത ടൂറിസം കേന്ദ്രമായ ഇല്ലിക്കൽക്കല്ലിലേക്കുള്ള പ്രധാന റോഡുകൂടിയാണിത്. നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ഇതുവഴി കടന്നുപോകുന്നത്. ഈ റോഡിന്റെ സമീപ പാതയായ ഏകദേശം 30 കിലോമീറ്റർ ദൈർഘ്യമുള്ള കാഞ്ഞിരപ്പള്ളി - കാഞ്ഞിരംകവല റോഡിന്റെ നിർമാണത്തിനുള്ള കാലാവധിയും രണ്ടുവർഷമായിരുന്നു. കുത്തനെയുള്ള മലകളും വളവുകളുമുള്ള റോഡിനായി സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുമുണ്ടായിരുന്നു. എന്നിട്ടും കാലാവധിക്ക് മുൻപ് നിർമ്മാണം പൂർത്തിയായി.
തകർന്ന് തരിപ്പണമായ റോഡിലൂടെയുള്ള കാൽനടയാത്ര പോലും ദുഷ്ക്കരമാണ്. ഓട്ടോറിക്ഷകളും വരാതായി. ആശുപത്രിയിലടക്കം പോകാൻ നന്നേ ബുദ്ധിമുട്ടുകയാണ്.
രാജപ്പൻ, പ്രദേശവാസി