kallukadavu-rd

ചങ്ങനാശേരി : ദുരിതം വിട്ടൊഴിയാതെ, ചാലച്ചിറ കല്ലുകടവ് റോഡ്. ചാലച്ചിറ തോടിനു സമീപത്തുകൂടെ കടന്നു പോകുന്ന റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. കാൽനടയാത്ര പോലും ഇതുവഴി ദുസ്സഹമായി. ചെറുതും വലുതുമായ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രം , ഇത്തിത്താനം സ്‌കൂൾ, മലകുന്നം തുടങ്ങി നിരവധി സ്ഥലങ്ങളിലേയ്ക്ക് പോകുന്ന റോഡാണിത്. വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്ത റോഡിൽ കല്ലും മണ്ണും മാത്രമാണ് നിലവിലുള്ളത്. റോഡിനോട് ചേർന്ന് തോടും സ്ഥിതി ചെയ്യുന്നുണ്ട്. സംരക്ഷണഭിത്തി ഇല്ലാത്തതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. മഴക്കാലത്ത് നീരുറവകളും ഓടയിലെ വെള്ളവും റോഡിലൂടെ ഒഴുകിയാണ് തോട്ടിലേയ്ക്ക് പതിക്കുന്നത്. കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടത്തിനിടയാക്കുന്നുണ്ട്. ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിലേറെയും.

ഓട്ടോയും വരാതായി, ഞങ്ങളെന്ത് ചെയ്യും

റോഡ് മോശമായതിനാൽ ഓട്ടോ- ടാക്‌സി തുടങ്ങിയവയും ഇതുവഴി വരാറായതോടെ നാട്ടുകാർ ദുരിതത്തിലാണ്. ചാലച്ചിറയിൽ നിന്നും കുരിശുംമൂട് നിന്നും എത്തുന്ന പ്രധാന പാതയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റീടാറിംഗ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കിയിട്ടും ഈ റോഡിനോട് അവഗണന തുടരുകയാണ്. കുഴിയിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്. റോഡ് നന്നക്കാണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

വർഷങ്ങൾ പിന്നിട്ടിട്ടും , റോഡ് നന്നാക്കിയില്ല, കുഴി നിറഞ്ഞ യാത്രയിലൂടെ വാഹനം ഓടിക്കുന്നതിനാൽ ശാരീരിക ബുദ്ധിമുട്ടുകളും വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിയ്ക്കുന്നു. അധികൃതർ റോഡ് നന്നാക്കുമെന്ന പ്രതീക്ഷയിലാണ്.

സജീവ്, പ്രദേശവാസി