പാലാ : അന്തീനാട് മഹാദേവക്ഷേത്രത്തിലെ ആനപ്പന്തൽ തകർന്നുവീണു. ഈ സമയം ആരുമില്ലാതിരുന്നാൽ വൻഅപകടം ഒഴിവായി. സാധാരണ ഗതിയിൽ മഴ നനയാതെയെങ്കിലും ആരെങ്കിലും അവിടെ കയറി നിൽക്കാറുണ്ട്. ഇന്നലെ വൈകിട്ട് 3.30 ഓടെ ആയിരുന്നു അപകടം. 102 വർഷത്തോളം പഴക്കമുള്ള ആനപ്പന്തലാണ് കാലപ്പഴക്കത്താൽ
തകർന്നത്. ഉത്തരങ്ങൾ ഒടിഞ്ഞ് ആനപ്പന്തൽ ഒന്നാകെ സെക്കൻഡുകൾക്കുള്ളിൽ നിലംപൊത്തുകയായിരുന്നു.
ക്ഷേത്രം അടിമുടി പൊളിച്ച് തിരക്കിട്ട് നവീകരണ ജോലികൾ നടന്നുവരികയാണ്. പ്രധാനക്ഷേത്രത്തിനു നൂറു മീറ്ററോളം അകലെ ഓഡിറ്റോറിയത്തോടു ചേർന്നുള്ള പണിപ്പുരയിൽ തൊഴിലാളികളുമുണ്ടായിരുന്നു. സംഭവമറിഞ്ഞ് മീനച്ചിൽ തഹസീൽദാർ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും പാലാ എസ്.എച്ച്.ഒ കെ.പി.ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തിയിരുന്നു. ഭക്തജനങ്ങൾ ചേർന്ന് ഇന്നലെ വൈകിട്ട് തന്നെ തകർന്ന അവശിഷ്ടങ്ങൾ നാലമ്പലത്തിന് മുന്നിൽ നിന്ന് നീക്കം ചെയ്തു.