പാലാ : പൈക ടൗണിൽ നിയന്ത്രണം വിട്ട വാഹനം കടയിലേയ്ക്ക് ഇടിച്ചുകയറി കടയുടമയ്ക്കും ബൈക്ക് യാത്രികനും പരിക്ക്. കടയുടെ മുൻഭാഗം പൂർണമായും തകർന്നു. കടയിലുണ്ടായിരുന്ന പതിനായിരക്കണക്കിന് രൂപയുടെ സാധനങ്ങളും നശിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം. പൈക ടൗണിലെ 'ബിറ്റ ഫുട്‌വെയർ' എന്ന കടയിലേയ്ക്കാണ് പാലക്കാട് രജിസ്‌ട്രേഷനിലുള്ള മഹീന്ദ്ര ടാർ ജീപ്പ് ഇടിച്ചു കയറിയത്. കടയുടമ രാജേഷ് ജോർജിനാണ് അപകടത്തിൽ പരിക്കേറ്റത്. റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിലെ യാത്രക്കാരനായ പൊൻകുന്നം സ്വദേശി അമലിനും അപകടത്തിൽ പരിക്കേറ്റു. പൈക ജംഗ്ഷനിൽ ഏറ്റവും തിരക്കുള്ള ഈ ഭാഗത്ത് സാധാരണയായി നിരവധി ആളുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഈ സമയത്ത് ആളുകൾ കുറവായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.