കട്ടപ്പന: ഏലത്തിന്റെയും കുരുമുളകിന്റെയും വിലയിടിവ് തടയാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏലം കർഷകർ സമരത്തിനൊരുങ്ങുന്നു. ഏലകൃഷി രംഗത്തെ ഗവേഷണത്തിനും സമഗ്ര സംഭാവനകൾക്കുമായി പുരസ്‌കാരം ലഭിച്ച റെജി ഞള്ളാനി, സുനിൽ വണ്ടൻമേട്, എം.എൽ. ആഗസ്തി എന്നിവരുടെ നേതൃത്വത്തിൽ ഏലം കർഷകർ 29ന് കട്ടപ്പന സ്‌പൈസസ് ബോർഡ് പടിക്കൽ സത്യഗ്രഹ സമരം നടത്തും. ഏലയ്ക്കയുടെ വില 700 രൂപയിലേക്ക് കുറഞ്ഞതിന് പിന്നിൽ സ്‌പൈസസ് ബോർഡും ലേല ഏജൻസികളുമാണെന്ന് ഇവർ ആരോപിച്ചു. 1986ൽ സ്‌പൈസസ് ബോർഡ് രൂപീകരിക്കുന്നതുവരെ കാർഡമം ബോർഡിന് ചുമതലയുണ്ടായിരുന്ന കാലഘട്ടത്തിൽ ഉത്പ്പാദിപ്പിക്കുന്ന ഏലയ്ക്കയുടെ 80 ശതമാനവും കയറ്റിയയച്ചിരുന്നു.

1980-85 കാലഘട്ടങ്ങളിൽ 600 മുതൽ 900 രൂപ വരെ കിലോഗ്രാമിന് വില ലഭിച്ചിരുന്നു. അന്ന് ഒരുലിറ്റർ കീടനാശിനിക്ക് 45 രൂപയും ഒരുചാക്ക് വളത്തിന് 100 രൂപയും തൊഴിലാളികളുടെ വേതനം 12മുതൽ 18 രൂപവരെയുമായിരുന്നു. മൂന്നര പതിറ്റാണ്ടിനിപ്പുറവും ഏലയ്ക്ക വിലയിൽ മാറ്റമില്ല. എന്നാൽ കീടനാശികളുടെയും മറ്റും വില പത്തിരട്ടിയിലധികം വർദ്ധിച്ചു.


സ്‌പൈസസ് ബോർഡ് നിലവിൽ വന്നശേഷമാണ് മേഖലയുടെ തകർച്ച ആരംഭിച്ചത്. കയറ്റുമതി കുത്തനെ കുറഞ്ഞു. ഉത്പ്പാദനം വർദ്ധിപ്പിക്കാതെ ഇറക്കുമതി കൂടുതലായി നടത്തി കുത്തക വ്യാപാകരികളെ ബോർഡ് സഹായിക്കുകയാണ്. ലക്ഷങ്ങൾ വേതനം കൈപ്പറ്റുന്ന ഉദ്യോഗസ്ഥർക്ക് കയറിയിരിക്കാനുള്ള ഇടം മാത്രമാണ് ബോർഡ് ഓഫീസുകൾ. കർഷകർക്ക് ആവശ്യമില്ലാത്ത സ്‌പൈസസ് ബോർഡും ലേലം കേന്ദ്രങ്ങളും പിരിച്ചുവിടണം. ഉത്പ്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ ഏലയ്ക്കയ്ക്കും കുരുമുളകിനും തറവില നിശ്ചയിക്കണം.
ഏലയ്ക്കയ്ക്ക് 5000 രൂപ തറവിലയായി നിശ്ചയിക്കുക, കുരുമുളകിന്റെ ഇറക്കുമതി തടയുക, വളങ്ങളും കീടനാശിനികളും ന്യായവിലയ്ക്ക് കർഷകർക്ക് ലഭ്യമാക്കുക, കയറ്റുമതി വർദ്ധിപ്പിക്കുക, സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന അതേ പെൻഷൻ 56 വയസ് കഴിഞ്ഞ കർഷകർക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംഘാടക സമിതി ഭാരവാഹികളായി റെജി ഞള്ളാനി(ചെയർമാൻ), ഷിബു ആക്കാട്ടുമുണ്ടയിൽ(വൈസ് ചെയർമാൻ), സുനിൽ വണ്ടൻമേട്(സെക്രട്ടറി), രാജേന്ദ്രൻ കമ്പംമെട്ട്(ജോയിന്റ് സെക്രട്ടറി), എം.എൽ ആഗസ്തി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.