കുമരകം : വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ 1, 10,000 രൂപയടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി തിരിച്ച് നൽകിയ യുവാവിന് അഭിനന്ദന പ്രവാഹം. കുമരകം മോഴിത്തറച്ചിറ സജീവിന്റെ മകൻ അർജ്ജുനാണ് ആശാരിശ്ശേരി കന്നിട്ട പാലത്തിനു സമീപത്തു നിന്ന് ഇന്നലെ ഉച്ചയോടെ പഴ്സ് ലഭിച്ചത്. ഇതിലുണ്ടായിരുന്ന പോക്കറ്റ് ഡയറിയിൽ നിന്നാണ് ഉടമ കുമരകം വടക്കത്ത് വീട്ടിലെ മുഹമ്മദ് ഷമീർ ആണെന്ന് അർജ്ജുൻ തിരിച്ചറിഞ്ഞത്. അർജ്ജുൻ ബന്ധപ്പെട്ടപ്പോഴാണ് മുഹമ്മദ് വിവരം അറിയുന്നത്. കോട്ടയത്തേയ്ക്കുള യാത്ര മദ്ധ്യേയാണ് പണം നഷ്ടപ്പെട്ടത്. കോട്ടയത്ത് എത്താറായപ്പോഴേക്കും അർജ്ജുന്റെ ഫോൺ കാൾ എത്തിയതോടെ തിരികെ എത്തി മുഹമ്മദ് പഴ്‌സ് വാങ്ങി.