കട്ടപ്പന: കാഞ്ചിയാർ ലബ്ബക്കടയിലെ 2 കടകൾ കുത്തിത്തുറന്ന് 26,000 രൂപയും പലചരക്ക്, സ്റ്റേഷനറി സാധനങ്ങളും മോഷ്ടിച്ചു. മഞ്ഞപ്പള്ളിയിൽ സഞ്ജയന്റെ പലചരക്ക് കടയിലും വയലിൽ പുരയിടത്തിൽ പാപ്പയുടെ സ്റ്റേഷനറി കടയിലുമാണ് വ്യാഴാഴ്ച രാത്രി കവർച്ച നടന്നത്. പലചരക്ക് കടയിൽ നിന്ന് 16000 രൂപയും പലചരക്ക് സാധനങ്ങളും സ്റ്റേഷനറി കടയിൽ നിന്ന് 10,000 രൂപയും സാധനങ്ങളും മോഷണം പോയി. 2 കടകളുടെയും പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. കനത്ത മഴയയായിരുന്നതിനാൽ സമീപവാസികൾ ശബ്ദമൊന്നും കേട്ടിരുന്നില്ല.
ഇന്നലെ രാവിലെ വ്യാപാരികൾ കട തുറക്കാനെത്തിയപ്പോഴാണ് വിവരമറിയുന്നത്. പഞ്ചായത്ത് ഓഫീസിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാപാരികളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാലവർഷം ശക്തമായ ശേഷം മേഖലയിൽ മോഷണവും കവർച്ച ശ്രമങ്ങളും വർദ്ധിച്ചതായി വ്യാപാരികൾ പറയുന്നു. പ്രദേശത്ത് രാത്രികാല പട്രോളിംഗ് നടത്തണമെന്നും ആവശ്യമുയർന്നു.