ചിറക്കടവ് :വാഴൂർ വലിയതോടിന്റെ കരയിൽ നിന്ന കൂറ്റൻ ആഞ്ഞിലിമരം കടപുഴകി വീണു. റോഡ് സൈഡിൽനിന്ന മരം എതിർവശത്തേക്ക് മറിഞ്ഞതോടെ ചേർപ്പത്തുകവല-കുരങ്ങാടി റോഡിന്റെ ഒരുഭാഗത്തെ ടാറിംഗ് ഇളകി. ഇന്നലെ രാവിലെ ശക്തമായ മഴയിലാണ് തോട്ടുപുറമ്പോക്കിൽ നിന്ന മരം തോട്ടിലേക്ക് ചുവടോടെ മറിഞ്ഞത്. തടയണയിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കരയിലുള്ള വലിയമരങ്ങളുടെ വേരുകൾ ചീഞ്ഞ് നശിച്ചതിനാലാണ് മരം കടപുഴകിയതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞ് ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, വാർഡംഗം എൻ.ടി.ശോഭന എന്നിവർ സ്ഥലത്തെത്തി. ചിറക്കടവ് പഞ്ചായത്തിന്റേതാണ് റോഡ്. എന്നാൽ തോടും മരം നിന്ന പുറമ്പോക്കും വാഴൂർ പഞ്ചായത്തിന്റെ പരിധിയിലും. അതിനാൽ രണ്ടുപഞ്ചായത്തുകളും ഇടപെട്ടെങ്കിലേ പ്രശ്‌നത്തിന് പരിഹാരമാകൂ. മരം വെട്ടിനീക്കി റോഡ് പുനർനിർമ്മിച്ചില്ലെങ്കിൽ ഇതുവഴി ഇനി ഗതാഗതം ചെറുവാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടും.