f

കുമരകം : ശക്തമായ മഴയിൽ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തിരുവാർപ്പ് , കുമരകം, അയ്മനം തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കക്കെടുതി രൂക്ഷമായത്. വിരിപ്പു കൃഷി ഇറക്കിയ പല പാടശേഖരങ്ങളിെലെയും രണ്ടാഴ്ചയോളം പ്രായമായ നെൽച്ചെടികൾ വെള്ളത്തിനടിയിലാണ്. മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിലും പാടങ്ങളിൽ ജലനിരപ്പ് കുറയുന്നില്ല. മഴ തുടരുകയും വൈദ്യുതി മുടങ്ങുകയും ചെയ്താൽ ഇളം നെൽ ചെടികൾ ചീഞ്ഞ് നശിക്കും. തിരുവാർപ്പ് പഞ്ചായത്തിലെ കീറ്റ്പാടം, മാടപ്പള്ളിക്കാട് കുമരകം പഞ്ചായത്തിലെ ഇടവട്ടം, കൊല്ലകേരി, പടിഞ്ഞാറ്റുകാട് അയ്മനം പഞ്ചായത്തിലെ വട്ടക്കായൽ തട്ടേപാടം തുടങ്ങിയ പാടങ്ങളിലെ വിരുപ്പു കൃഷിയാണ് പ്രതിസന്ധി നേരിടുന്നത്. വിരുപ്പു കൃഷിയിറക്കാത്ത പാടശേഖരങ്ങളിലെ തുരുത്തുകളിലും പുറംബണ്ടുകളിലും താമസിക്കുന്നവരാണ് വെള്ളപ്പൊക്കക്കെടുതി ഇപ്പോൾ കൂടുതലായി നേരിടുന്നത്. ചെങ്ങളം ഉസ്മാൻ കവലക്ക് സമീപം പുതുക്കാട്ട് അമ്പത് പാടശേഖരത്തിന്റെ കിഴക്കേ അറ്റത്തുള്ള അഞ്ചരയേക്കർ നിലം കഴിഞ്ഞ മുപ്പത് വർഷമായി തരിശ്ശായി കിടക്കുന്നത് പരിസരവാസികളെ ഏറെ ദുരിതത്തിലാക്കി. ഭൂരിഭാഗം വീടുകൾക്കുള്ളിലും വെള്ളം കയറി. സമീപത്തുള്ള കോഴിക്കടയിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യങ്ങളോട് കൂടിയ വെള്ളമാണ് വീടുകൾക്കുള്ളിൽ കയറിയിരിക്കുന്നത്. ഇത് സാംക്രമിക രോഗങ്ങൾക്ക് കാരണമാകുമെന്നാണ് ആശങ്ക. പാലപറമ്പിൽ റഷീദ്, പാലപറമ്പിൽ നാസർ, സലി കൊച്ചുകളം , മനോജ് കൊച്ചുകളം തുടങ്ങിയവർ വെള്ളം കയറിയ വീടുകളിലാണ് കഴിയുന്നത്.