അടിമാലി: എല്ലാ മേഖലയെയും പോലെ കൊവിഡ് വ്യാപനം കപ്പ കർഷകരെയും തകർത്തു. രണ്ടാം വർഷവും വിലയിടിവിൽ നട്ടം തിരിയുകയാണ് കപ്പ കർഷകർ. മുൻ വർഷമുണ്ടായ നഷ്ടം പരിഹരിക്കാൻ കൃഷിയിറക്കിയവർക്കാണ് രണ്ടാം കൊവിഡ് വ്യാപനവും ഒപ്പം കാലാവസ്ഥാ വ്യതിയാനവും തിരിച്ചടിയായത്. പത്ത് രൂപയ്ക്ക് താഴെയാണ് നിലവിൽ കപ്പ കർഷകർക്ക് ലഭിക്കുന്ന വില. ഓണക്കാലമെത്താറായിട്ടും വിലയിൽ കാര്യമായ വർദ്ധനയുണ്ടാകാത്തത് കർഷകരെ ദുരിതത്തിലാക്കുന്നത്. പോയ വർഷം കർഷകർ കൂടുതലായി കപ്പ കൃഷിയിറക്കിയതും കൊവിഡ് പ്രതിസന്ധിയും വിലയിടിവിന് കാരണമായി. അധിക മഴയുൾപ്പെടെയുള്ള കാലാവസ്ഥ വ്യതിയാനം ഇത്തവണ കപ്പയുടെ വിളവിനെ ബാധിച്ചിട്ടുണ്ട്. പണിക്കൂലിയും വളത്തിന്റെ വില വർദ്ധനവുമെല്ലാം കപ്പ കർഷകർക്കും തിരിച്ചടി സമ്മാനിച്ചു. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ ചെറുകിട വ്യാപാരികൾ വിൽപ്പനയ്ക്ക് വാങ്ങിയിരുന്ന കപ്പയുടെ അളവ് കുറച്ചതും കർഷകർക്ക് വെല്ലുവിളി ഉയർത്തുന്നു. നേരത്തെ ബാർ ഹോട്ടലുകളിലും സ്റ്റാർ ഹോട്ടലുകളിലും മരച്ചീനിയ്ക്ക് വൻ ഡിമാൻഡായിരുന്നു. ബാറും ഹോട്ടലുകളും അടച്ചിട്ടതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. ആവശ്യക്കാരില്ലാത്തതിനെ തുടർന്ന് ഏക്കറുകണക്കിന് വരുന്ന ഭൂമിയിലെ മരച്ചീനിയുടെ വിളവെടുപ്പ് പ്രതിസന്ധിയിലാണ്. ശരാശരി 20 രൂപയ്ക്കടുത്ത് കപ്പയ്ക്ക് ഉത്പാദന ചിലവുണ്ടെന്നും അതിന് മുകളിൽ വില ലഭിച്ചാൽ മാത്രമേ കൃഷി ലാഭകരമാകുമെന്നും കർഷകർ പറഞ്ഞു.
ഒരുകിലോ മരച്ചീനിയ്ക്ക് വിപണിവില : 25
കർഷകന് ഒരു മൂട് മരച്ചീനിയ്ക്ക് ലഭിക്കുന്ന വില : 8 9 രൂപ
പാട്ടത്തിനെടുത്തവർ പ്രതിസന്ധിയിൽ
സ്വന്തം ഭൂമിയിൽ കൃഷി ഇറക്കുന്നവർ കുറവായതിനാൽ ബഹുഭൂരിപക്ഷം ആളുകളും സ്ഥലം പാട്ടത്തിനെടുത്തും തറവാടക നൽകിയുമാണ് കൃഷി ഇറക്കിയത്. കൃഷിയിറക്കുന്നതിന്റെ മൂന്നിലൊന്ന് സ്ഥലയുടമകൾക്ക് നൽകുകയാണ് പതിവ്. ഇല്ലെങ്കിൽ പതിനായിരം മുതൽ ഇരുപതിനായിരം വരെ നൽകണം. കൂടാതെ പണിക്കൂലിയും ചിലവുമുൾപ്പെടെ നോക്കുമ്പോൾ കിലോയ്ക്ക് 25 രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ ഇവരുടെ അധ്വാനം ഫലമില്ലാതെയാകും.
വാങ്ങാനാളില്ല
മേയ്, ജൂൺ മാസങ്ങളിലാണ് കപ്പ വ്യാപകമായി വിളവെടുക്കുന്നത്. ലോക്ക് ഡൗണിനു മുമ്പു വരെ കിലോയ്ക്ക് 20 മുതൽ 25 രൂപ വരെ കിട്ടിയിരുന്നു. എന്നാൽ നിലവിൽ കിലോ 6 8 രൂപ നിരക്കിലാണ് വില. അതും എടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.