vellaketu

മണർകാട്: ഒറ്റമഴയിൽ റോഡുകൾ എല്ലാം വെള്ളക്കെട്ടിൽ. മണർകാട് - അയർക്കുന്നം റോഡിൽ കാവുംപടി ജംഗ്ഷനിലും പുതുപ്പള്ളി തെങ്ങണ റോഡിൽ തൃക്കോതമംഗലം, പുതുപ്പള്ളി ഗവൺമെന്റ് സ്‌കൂളിന് സമീപം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടാകുന്നത്. ഈ ഭാഗങ്ങളിൽ റോഡിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഓടകൾ നിറഞ്ഞാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടാകാൻ ഇടയാക്കുന്നത്.

ഓടകൾ നിർമ്മിച്ചിട്ടുണെങ്കിലും പല ഓടകളും വൃത്തിയാക്കാത്തതിനാൽ, മണ്ണും കല്ലും മാലിന്യങ്ങളും നിറഞ്ഞ സ്ഥിതിയാണ്. വെള്ളത്തിന്റെ അളവ് അറിയാതെ എത്തുന്ന ഇരുചക്രവാഹനങ്ങൾ പലപ്പോഴും മറിയുന്നതിനും ഇടയാക്കുന്നു. ഓടയിൽ തങ്ങി നിന്നിരുന്ന മാലിന്യങ്ങളും വെള്ളമൊഴുക്കിന്റെ ളക്തിയിൽ റോഡിലേയ്ക്ക് അടിയുന്നു. പല ഓടകൾക്കും മൂടിയില്ല. ചിലയിടങ്ങളിൽ ഓടകളുടെ കോൺക്രീറ്റ് സ്ലാബുകൾ റോഡരികിൽ അടുക്കി വെച്ചിരിക്കുന്നതും കാണാം. കാൽ നടയാത്രികരാണ് വെള്ളക്കെട്ട് മൂലം ദുരിതത്തിലാകുന്നത്. റോഡരികിനോട് ചേർന്നു നടക്കാൻ സാധിക്കാത്തതിനാൽ, റോഡിലേയ്ക്ക് ഇറങ്ങി വെള്ളത്തിലൂടെ കടന്നു പോകണം. ഈ സമയം ഇതുവഴിയെത്തുന്ന വാഹനങ്ങൾ കാൽനടയാത്രികരെ ഗൗനിക്കാതെ, വെള്ളത്തിലൂടെ പായുന്നു. മലിനജലം യാത്രക്കാരുടെയും മറ്റ് ഇരുചക്രവാഹനയാത്രികരുടെയും ദേഹത്തെയ്ക്ക് വീഴുന്നതിന് ഇടയാക്കുന്നു. കൂടാതെ, മഴക്കാല രോഗങ്ങളും മറ്റ് സാംക്രമിക രോഗങ്ങളും പടർന്നു പിടിക്കുന്നതിനും സാധ്യതയേറുന്നു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.