അടിമാലി: കാട്ടാന ശല്യത്താൽ വലഞ്ഞ് അടിമാലി ഗ്രാമപഞ്ചായത്തിലെ കട്ടമുടി, കുഞ്ചിപ്പെട്ടി ആദിവാസി മേഖല. കൂട്ടമായെത്തുന്ന കാട്ടാനകൾ ആദിവാസി കോളനിയിൽ വ്യാപക നാശമാണ് വരുത്തുന്നത്. കഴിഞ്ഞ ദിവസമെത്തിയ കാട്ടാനകൾ ഊരുമൂപ്പൻ കുമാരന്റെ ശുചിമുറി തകർക്കുകയും വീടിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. വിളവെടുപ്പിന് പാകമായ ഏലച്ചെടികൾ ഉൾപ്പെടെയുള്ള കൃഷിഭൂമി കാട്ടാനകൾ വ്യാപകമായി നശിപ്പിച്ചു. പകൽ സമയത്തു പോലും കാട്ടാനയുടെയും കാട്ടുപോത്തിന്റെയും സാന്നിധ്യമുള്ളതിനാൽ പുറത്തിറങ്ങുന്നത് ഭയത്തോടെയാണെന്ന് ആദിവാസി കുടുംബങ്ങൾ പറയുന്നു. മഞ്ഞക്കുഴി വനമേഖലയിൽ നിന്നാണ് കാട്ടാനകൾ ആദിവാസി കോളനികളിലേക്കെത്തുന്നത്. കാട്ടാന ശല്യത്താൽ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായി ആദിവാസി കുടുംബങ്ങൾ പറയുന്നു. കാട്ടാനകളെ പ്രതിരോധിക്കാൻ വനംവകുപ്പ് പ്രദേശത്ത് ചില ഇടപെടലുകൾ നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും വേണ്ടവിധം ഫലപ്രദമല്ല. കുറ്റമറ്റ രീതിയിൽ കിടങ്ങുകളും വൈദ്യുതി വേലിയും സ്ഥാപിച്ച് പ്രശ്‌ന പരിഹാരം കാണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കാട്ടാന നാശം വിതച്ച മേഖലയിൽ അടിമാലി ഗ്രാമപഞ്ചായത്തധികൃതർ സന്ദർശനം നടത്തി സ്ഥിതി വിലയിരുത്തി.