കുമരകം : പഞ്ചായത്ത് 9-ാം വാർഡിൽ ബ്ലഡ് ക്യാൻസർ രോഗിയായ ആണ്ടിത്തറ രാജീവിന്റെ ( 39 ) ചികിത്സയ്ക്ക് പണം കണ്ടെത്താൻ കുമരകം നിവാസികൾ ഇന്ന് കൈകോർക്കും. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്താൻ വേണ്ടിവരുന്ന 25 ലക്ഷം രൂപ സമാഹരിക്കാനാണ് ഇന്ന് ജനപ്രതിനിധികളും നാട്ടുകാരും രംഗത്തിറങ്ങുന്നത്. പഞ്ചായത്തിലെ 7, 8, 9, 10, 11, 12, 13, 14 വാർഡുകളിലെ വീടുകളിലായിരിക്കും ഇവർ എത്തുക. പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു അധ്യക്ഷയായി ഇതിനായി കമ്മിറ്റി രൂപീകരിച്ചു. രാജീവിന്റെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി പഞ്ചായത്ത് തന്നെ ജനങ്ങളുടെ സഹകരണത്തോടെ തുക കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. രണ്ടു കുട്ടികളും ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് രാജീവ്. കഴിഞ്ഞ ഒന്നര വർഷമായി രാജീവ്‌ തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ്.