വൈക്കം : നഗരസഭയിൽ എൽ.ഡി.എഫിൽ ഭിന്നത സൃഷ്ടിച്ച് സി.പി.ഐ - സി.പി.എം പോര് രൂക്ഷമായി.
നഗരസഭാ കൗൺസിൽ ചർച്ച ചെയ്യാത്ത കാര്യങ്ങൾ കൗൺസിൽ ചർച്ച ചെയ്ത് അംഗീകരിച്ചതായി മിനിട്‌സിൽ എഴുതിച്ചേർക്കുന്നുവെന്നാരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകിയിരുന്നു. സി.പി.എം അംഗങ്ങൾ സി.പി.ഐയുമായി ആലോചിക്കാതെ വിയോജനക്കുറിപ്പ് പിന്നീട് പിൻവലിച്ചതോടെയാണ് തർക്കം രൂക്ഷമായത്. വിയോജനക്കുറിപ്പ് കൊടുക്കാനിടയായ സാഹചര്യങ്ങൾ അതേപടി നിലനിൽക്കെ എൽ.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി, ഏകപക്ഷീയമായി വിയോജനക്കുറിപ്പ് പിൻവലിച്ചതിന് പിന്നിൽ ഭരണകക്ഷിയിലെ ചിലരുമായുള്ള സി.പി.എമ്മിന്റെ അവിശുദ്ധ സഖ്യമാണെന്നും അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നുമാണ് സി.പി.ഐ അംഗങ്ങളുടെ ആരോപണം. ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയതിലും ബീച്ചിൽ ശുചീകരണം നടത്തിയതിലും അഴിമതിയുണ്ടെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചർച്ച ചെയ്ത് വിലയിരുത്തിയതാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് വിയോജനക്കുറിപ്പ് നൽകാൻ തീരുമാനിച്ചത്. ആ വിഷയങ്ങളിൽ ആരോപണങ്ങൾ നിലനിൽക്കുകയാണ്. ഉന്നയിച്ച വിഷയങ്ങൾ ഒന്നും പരിഹാരം കാണാതെ നിലനിൽക്കുമ്പോൾ രഹസ്യ തീരുമാനത്തിലൂടെ സി.പി.എം വിയോജനക്കുറിപ്പ് പിൻവലിക്കുകയായിരുന്നുവെന്നാണ് സി.പി.ഐ യുടെ ആക്ഷേപം. സി. പി.എമ്മിന്റെ അഞ്ച് കൗൺസിലർമാരിൽ ഒരംഗം വിയോജനക്കുറിപ്പ് പിൻവലിക്കാൻ തയ്യാറായതുമില്ല. ഒരു സ്വതന്ത്ര അംഗവും ബി.ജെ.പിയുടെ നാലംഗങ്ങളും വിയോജനക്കുറിപ്പ് നൽകിയിരുന്നു. ജനാധിപത്യപരമായി നൽകിയ വിയോജനക്കുറിപ്പിന്മേൽ യാതൊരു നിയമ നടപടിയും സ്വീകരിക്കാത്തതിൽ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ വലിയ പ്രതിഷേധമാണുയർന്നത്. പൊലീസെത്തി അംഗങ്ങളെ നീക്കം ചെയ്യുന്ന സ്ഥിതി വരെയെത്തി കാര്യങ്ങൾ. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണകക്ഷിയുടെ അഴിമതിക്കും ക്രമവിരുദ്ധ നടപടികൾക്കുമെതിരെ കൗൺസിൽ കേരള കോൺഗ്രസ് അംഗവും എൽ.ഡി.എഫ് ആദ്യമെടുത്ത നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.