വൈക്കം: മൂത്തേടത്ത്കാവ് ഭഗവതി ക്ഷേത്രത്തിൽ നടപ്പുതുറപ്പ് ഉത്സവം ഭക്തിനിർഭരം. മൂന്ന് മാസക്കാലം നിത്യപൂജകൾ പോലും നടത്താതെ നടയടച്ചിടുന്ന ആചാരമാണ് മൂത്തേടത്തുകാവിലേത് . ഇന്നലെ പുലർച്ചെ നാലിന് തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി ഭഗവതിയുടെ സ്വർണ്ണാങ്കി ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചതോടെയാണ് നടതുറപ്പ് ഉത്സവത്തിന്റെ ചടങ്ങുകൾ തുടങ്ങിയത്. വിഷു ദിവസം അർദ്ധരാത്രിയിൽ അരിയേറിന് ശേഷം നടയടക്കുന്ന ഇവിടെ മൂന്ന് മാസത്തിന് ശേഷം കർക്കടകം ഒന്നിനാണ് നടതുറക്കുന്നത്. ഭഗവതിയുടെ സ്വർണ്ണാങ്കി ശ്രീകോവിലിൽ കുടിയിരുത്തിയ ശേഷം പുലർച്ചെ 5 ന് ഭക്തജനങ്ങൾക്ക് ദർശനത്തിനായി നട തുറന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെത്തിയ ഭക്തർ ഭഗവതിയുടെ മംഗള രൂപം കണ്ട് കൈകൂപ്പി. കട്ടി മാലകളും പൂമാലകളും നിറദീപം കൊണ്ട് ശ്രീകോവിൽ നട അലങ്കരിച്ചിരുന്നു. പുണ്യാഹം, അഭിഷേകം, മലർ നിവേദ്യം, ഉഷ നേദ്യം , എതൃത്ത പൂജ എന്നിവയ്ക്ക് ശേഷമാണ് നട തുറന്നത്. തുടർന്ന് തോറ്റം പാട്ട്, പന്തീരടി പൂജ, കളമെഴുത്ത് എന്നിവയും നടന്നു. വൈകിട്ട് 5 ന് ലക്ഷദീപം, വിൽപാട്ട്, തെക്കുപുറത്ത് ഗുരുതി, തീയാട്ട് എന്നിവ നടന്നു. മേൽശാന്തി എ.വി.ഗോവിന്ദൻ നമ്പൂതിരി, മുരിങ്ങൂർ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി,ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരി, ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പൂതിരി, ആനത്താനില്ലത്തിന്റെ സെക്രട്ടറി എ.ജി.വാസുദേവൻ നമ്പൂതിരി എന്നിവരും കാർമ്മികരായി.