thiru

കോട്ടയം: തനിക്കും കുടുംബത്തിനും വധഭീഷണിക്കത്തു ലഭിച്ച കേസിന്റെ അന്വേഷണത്തിൽ കള്ളൻ കപ്പലിൽ തന്നെയായതിൽ വലിയ പ്രതീക്ഷയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കേരളകൗമുദിയോട് പറഞ്ഞു. " സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. ടോപ്പ് പൊളിറ്റിക്കൽ പ്രഷർ ഇല്ലെങ്കിൽ പതിനഞ്ചു മിനിറ്റുകൊണ്ട് പ്രതികളെ പിടിക്കാൻ കഴിയുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. ടി.പി വധക്കേസുമായി ബന്ധപ്പെട്ട പ്രതികളെ തൊട്ടാൽ സർക്കാരിന്റെ തല പോകും. വല്ലതും ചെയ്താൽ പ്രതികൾ വിളിച്ചു പറയുന്നത് ഉന്നത സി.പി.എം നേതാക്കൾക്ക് ദോഷമാകുമെന്നതിനാലാണ് അന്വേഷണം ഊർജിതമാകാത്തത് . കോട്ടയത്തെ വീട്ടിലെത്തി വെസ്റ്റ് പൊലീസ് എന്റെ മൊഴി എടുത്തു. കഴിഞ്ഞ ദിവസം ഡിവൈ.എസ്.പിയും വന്നു . ഞാൻ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തിരുവനന്തപുരത്തെയും കോട്ടയത്തെയും പൊലീസിന് കൈമാറിയതല്ലാതെ അന്വേഷണം കാര്യമായി മുന്നോട്ടു നീങ്ങിയിട്ടില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു.

ടി.പി വധക്കേസിലെ യഥാർത്ഥ പ്രതികളെ പെട്ടെന്നു അറസ്റ്റ് ചെയ്യാൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ തനിക്ക് കഴിഞ്ഞിരുന്നു . അതിലാരെങ്കിലുമാകാമെന്ന സംശയം പ്രകടിപ്പിച്ചിട്ടും ആ വഴിക്ക് അന്വേഷണം നീങ്ങിയില്ല. സർക്കാർ വളരെ ലാഘവത്തോടെയാണ് ഭീഷണി കത്തിനെ കാണുന്നതെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറിയും ഇടതു മുന്നണി കൺവീനറുമായ എ.വിജയരാഘവന്റെ പ്രസ്താവന തെളിയിച്ചതായും തിരുവഞ്ചൂർ ആരോപിച്ചു.