കോട്ടയം: അനധികൃതമായി മണ്ണെടുത്ത സ്ഥലം ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചിട്ടും മരിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ. പുതുപ്പള്ളി ഇരവിനല്ലൂരിലെ ഡി.സി ബുക്ക്‌സിന്റെ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിലാണ് കളക്‌ടറേറ്റിലെ വനം വകുപ്പ് ഓഫിസിലെ ജീവനക്കാരി പുതുപ്പള്ളി ഇരവിനല്ലൂർ മേച്ചേരികാലായിൽ കെ.കെ ശോഭന മരിച്ചത്.
ഇവരുടെ വീടിനു തൊട്ടടുത്തായാണ് ഡി.സി ബുക്ക്‌സിന്റെ ഭൂമി. മണ്ണെടുപ്പിനെ തുടർന്നു നിരന്തരം മണ്ണിടിയുന്ന സ്ഥലമാണ്. എന്നിട്ടു പോലും സ്ഥലത്ത് സുരക്ഷയൊരുക്കാൻ ഡി.സി ബുക്ക്‌സ് തയാറായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് കപ്പ പറിക്കുന്നതിനായി എത്തിയതായിരുന്നു ശോഭന. കപ്പ പറിച്ചുകൊണ്ടിരിക്കുന്നതിനിടെ മണ്ണിടിച്ചിൽ ഉണ്ടാകുകയും, ശോഭന താഴേയ്‌ക്കു വീഴുകയുമായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. മണ്ണെടുത്ത സ്ഥലങ്ങളിൽ ഒരുക്കേണ്ട യാതൊരു വിധ സുരക്ഷയും ഇവിടെ അധികൃതർ ഒരുക്കിയിട്ടില്ല. സംരക്ഷണ ഭിത്തിയോ വേലിയോ തീർത്തിട്ടില്ല. സ്ഥലത്തിനു സമീപത്തായി ഒരു ക്ഷേത്രമുണ്ട്. മണ്ണിടിച്ചിൽ രൂക്ഷമായാൽ ക്ഷേത്രത്തെയും ഇത് ബാധിക്കും.