പാലാ: ഒടുവിൽ ആ മരങ്ങൾ മുറിച്ചുമാറ്റി; അൽപ്പം വൈകിയെങ്കിലും പി.ഡബ്ലിയു.ഡി അധികൃതർ വാക്കുപാലിച്ചു. രോഗികളുടേയും ആശുപത്രി ജീവനക്കാരുടേയും പരിസരവാസികളുടെയും ആശങ്കകൾക്ക് ഇതോടെ അറുതിയായി. അന്ത്യാളം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തുന്നവർക്ക് അപകടഭീഷണി സൃഷ്ടിച്ചിരുന്ന ചുവടു ദ്രവിച്ച പാഴ്മരങ്ങളെക്കുറിച്ച് 'തലയ്ക്ക് മീതെ ആടിയുലഞ്ഞ് ദുരന്തം '' എന്ന തലക്കെട്ടിൽ ''കേരള കൗമുദി'' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ ഉണർന്ന അധികാരികൾ മരം മുറിയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എത്രയും വേഗം മരങ്ങൾ മുറിച്ചുമാറ്റുമെന്ന് ആഴ്ചകൾക്കു മുന്നേ തന്നെ പി.ഡബ്ലിയു.ഡി അധികൃതർ അറിയിച്ചിരുന്നെങ്കിലും നടപടികളായിരുന്നില്ല. ഇതിനിടെ അന്ത്യാളം ആശുപത്രി കവാടത്തിൽ അപകടനിലയിൽ സ്ഥിതി ചെയ്യുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കരൂർ പഞ്ചായത്തംഗം ലിന്റൺ ജോസഫ് രേഖാമൂലം അധികൃതർക്ക് പരാതിയും നൽകി. കൊവിഡ് കാലമായതിനാൽ അന്ത്യാളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇപ്പോൾ നല്ല ജനത്തിരക്കുണ്ട്. ഇരുനൂറിൽപ്പരം ആളുകൾ പല കാര്യങ്ങൾക്കായി ഇവിടെ ദിവസേന എത്താറുണ്ട്. വാക്‌സിനേഷനും കൊവിഡ് പരിശോധനയ്ക്കായും സ്ത്രീകളും വൃദ്ധരുമുൾപ്പെടെയുള്ളവരും എത്തുന്നുണ്ട്.