പാലാ: കൊവിഡനന്തര ശാരീരിക വിഷമതകൾക്ക് ആയൂർവേദ ചികിത്സ അത്യുത്തമമാണെന്ന് മേലുകാവ് ഗവ. ആയൂർവേദാശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.ചിന്നു മനോജ് പ്രഭ പറഞ്ഞു.എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, സൈബർ സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ 'കൊവിഡ് അതിജീവനം'' ആരോഗ്യ സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നൂ അവർ.

കൊവിഡ് പിടിപെട്ടവരിൽ പിന്നീട് കിതപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന, അരുചി എന്നിവയും ഉറക്കമില്ലായ്മയും കണ്ടു വരുന്നു. ചുരുക്കം ചിലർക്ക് കടുത്ത മാനസിക സമ്മർദ്ദങ്ങളുംഉണ്ടാകാറുണ്ട്. ഇവയ്‌ക്കെല്ലാം നൂറു ശതമാനം ഫലപ്രാപ്തിയുണ്ടാകുന്ന ആയൂർവേദ മരുന്നുകളുണ്ട്. പല പ്രശ്‌നങ്ങൾക്കും വളരെ വേഗം പരിഹാരമുണ്ടായതിന്റെ അനുഭവവുമുണ്ടെന്ന് ഡോ.ചിന്നു മനോജ് പ്രഭ പറഞ്ഞു. പ്രധാനപ്പെട്ട ഗവ.ആയൂർവേദ ഡിസ്പൻസറികളിലും കൊവിഡ് അനന്തര ചികിത്സാ മരുന്നുകൾ തികച്ചും സൗജന്യമായി ലഭിക്കുമെന്നും അവർ വ്യക്തമാക്കി. മീനച്ചിൽ യൂണിയൻ നേതാക്കളായ എം.ബി ശ്രീകുമാർ, ലാലിറ്റ്. എസ്.തകിടിയേൽ,രാമപുരം സി.ടി രാജൻ,ഗിരീഷ് മീനച്ചിൽ,പോഷക സംഘടനകളുടെ നേതാക്കളായ സോളി ഷാജി തലനാട്, ബിന്ദു സജി മനത്താനം, സ്മിതാ ഷാജി, അരുൺ കുളമ്പിള്ളിൽ, അനീഷ് ഇരട്ടയാനി, ആത്മജൻ കള്ളികാട്ട്, മൈക്രോ ഫിനാൻസ് കോർഡിനേറ്റർ അനിൽ പതിപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.