പാലാ: കരൂർ പഞ്ചായത്തിലെ അന്തീനാട് മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള കുളം പുനരുദ്ധരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കൃഷിയ്ക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി ജനങ്ങൾ വർഷങ്ങളായി ആശ്രയിച്ചു വരുന്നതാണ് ഈ കുളം. സംരക്ഷണഭിത്തി നിർമ്മിക്കാത്തത് മൂലം മാലിന്യം ഒഴുകിയെത്തി കുളം ഉപയോഗശൂന്യമായി കിടക്കുകയാണ്.കുളം സന്ദർശിച്ച മന്ത്രി ക്ഷേത്രഭാരവാഹികളും ജനപ്രതിനിധികളുമായി ചർച്ച നടത്തി. ഏകദേശം 50 ലക്ഷത്തോളം രൂപ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി വേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കത്തക്കവിധം അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി ചീഫ് എൻജിനിയർക്ക് നിർദേശം നൽകി. കരയോഗം പ്രസിഡന്റ് മാധവൻനായർ പടിഞ്ഞാറെമുറി, സെക്രട്ടറി സുരേന്ദ്രൻ നായർ വടക്കേടത്ത് എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. തോമസ് ചാഴികാടൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ,ഷാജി വട്ടക്കന്നേൽ,എം.പി രാമകൃഷ്ണൻ നായർ,ബാബു കാവുകാട്ട്,ജോയി പടിഞ്ഞാറേൽ,സിജോ പ്ലാത്തോട്ടം, റോയി താന്നിക്കാമറ്റം എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.