നെടുംകുന്നം: ഫ്രിഡ്ജിന്റെ സ്റ്റെബിലൈസറിൽ നിന്നും തീപടർന്ന് കട കത്തിനശിച്ചു. ചേലക്കൊമ്പ് വേലംപറമ്പിൽ വി.വി സാബുവിന്റെ കന്നാലിപ്പടിയിലെ പലചരക്ക്, സ്റ്റേഷനറി കടയാണ് കത്തിനശിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. രാവിലെ നടക്കാനിറങ്ങിയവരാണ് തീയും പുകയും ഉയരുന്നത് കണ്ട് സാബുവിനെ വിവരമറിയിച്ചത്. ഉടൻ തന്നെ നാട്ടുകാരും സാബുവും ചേർന്ന് തീയണച്ചു. കടയിലെ സാധനങ്ങളും മേൽക്കൂരയുടെ തട്ടും കത്തിനശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.