അടിമാലി: പട്ടയ ഭൂമിയിലെ മരങ്ങൾ വെട്ടുന്നതിന് നൽകിയ ഉത്തരവിന്റെ മറവിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ കടത്തിയ സംഭവത്തിൽ അടിമാലി പൊലീസ് കേസെടുത്തു. മന്നാങ്കണ്ടം വല്ലേജ് ആഫീസറുടെ പരാതിയിലാണ് നടപടി. മന്നാങ്കണ്ടം വല്ലേജ് പരിധിയിൽ നിന്ന് ഈട്ടി, തേക്ക് ഉൾപ്പടെ 162 മരങ്ങളാണ് വെട്ടിക്കടത്തിയത്. കേസ് ക്രൈംബ്രാഞ്ച് അധികൃതർക്ക് കൈമാറി. ഉത്തരവിന്റെ മറവിൽ അടിമാലി റേഞ്ചിൽ നിന്ന് വെട്ടി കടത്തിയ ലക്ഷങ്ങൾ വിലവരുന്ന തേക്കിൻ തടികൾ കഴിഞ്ഞ മാസം പെരുമ്പാവൂരിലെ തടി മില്ലിൽ നിന്ന് വനം വകുപ്പ് വിജിലൻസ് സംഘം പിടികൂടിയിരുന്നു. മന്നാംങ്കണ്ടം വല്ലേജ് ആഫീസിൽ പുതിയതായി ചാർജെടുത്ത വല്ലേജ് ആഫീസർ തനിക്ക് മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന രണ്ട് വല്ലേജ് ആഫീസർമാരുടെ കാലത്തെ മരം മുറിയുമായി ബന്ധപ്പെട്ട് പരശോധിച്ചതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അടിമാലി പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല.