അടിമാലി: സര്‍ട്ടിഫിക്കറ്റിനായെത്തിയവരോട് അപമര്യാദയായി പെരുമാറിയ അടിമാലി മൃഗാശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ. വി.സെല്‍വത്തിനെ സസ്‌പെന്‍ഡ് ചെയ്തു. മൃഗസംരക്ഷണ വകുപ്പ് അണ്ടര്‍ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ ഒമ്പതിനാണ് സസ്പെന്‍ഷനിടയാക്കിയ സംഭവം . ഇരുമ്പുപാലം സ്വദേശിയുടെ നായയ്ക്ക് വാക്‌സിനേഷന്‍ എടുത്ത സര്‍ട്ടിഫിക്കറ്റിനായാണ് അച്ഛനും മകളും മൃഗാശുപത്രിയില്‍ എത്തിയത്. ആവശ്യം ഉന്നയിച്ച ഇരുവരോടും സർജൻ അപമര്യാദയായി പെരുമാറിയെന്നതാണ് പരാതി. സര്‍ജന്‍ മദ്യലഹരിയില്‍ ആയിരുന്നെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോദൃശ്യവും സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജില്ലാ മൃഗസംരക്ഷണ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്തത്.