കോട്ടയം : മൂന്നുമാസത്തിലധികമായി പൂട്ടിക്കിടക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളുകൾ ഇന്ന് മുതൽ വീണ്ടും നിരത്തിലുരുണ്ട് തുടങ്ങും. കൊവിഡ് നിയന്ത്രണം സ്‌കൂൾ നടത്തിപ്പുകാർക്കും ജീവനക്കാർക്കും പഠിതാക്കൾക്കും കനത്ത തിരിച്ചടിയാണ് നൽകിയത്. ഡ്രൈവിംഗ് സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ടവർ വരുമാനമില്ലാതെ നട്ടംതിരിയുമ്പോൾ ജോലിക്കും മറ്റുമായി ഡ്രൈവിംഗ് ലൈസൻസ് സമ്പാദിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് പഠിതാക്കൾ. ജില്ലയിൽ ഏപ്രിൽ മുതലാണ് പരീശീലനം നിറുത്തിയത്. കൊവിഡ് നിയന്ത്രണത്തിന്റെയും ലോക്ക് ഡൗണിന്റെയും പേരിൽ ഏപ്രിലിൽ നിറുത്തിവച്ച ടെസ്റ്റുകൾ ഭാഗികമായി തുടങ്ങാൻ പോലും അധികൃതർ തയ്യാറായില്ല. മറ്റ് മേഖലകളിൽ നിയന്ത്രണങ്ങൾ പാലിച്ചുള്ള ഇളവുകൾ അനുവദിക്കുമ്പോഴും ഡ്രൈവിംഗ് സ്‌കൂൾ മേഖലയെ സഹായിക്കാൻ അധികാരികൾ മറന്നതായി പരാതിയുയർന്നിരുന്നു. നിരന്തരമായുള്ള ആവശ്യത്തിനൊടുവിലാണ് ഇന്ന് മുതൽ വീണ്ടും ഡ്രൈവിംഗ് പരിശീലനം പുനരാരംഭിക്കുന്നത്. തുരുമ്പെടുത്ത വാഹനങ്ങൾ വൃത്തിയാക്കിയും അറ്റകുറ്രപ്പണി നടത്തിയും പരിശീലനത്തിനായി സജ്ജമാക്കിയിട്ടുണ്ട്.