പാലാ : കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം പാലാ ഡിപ്പോയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അരലിറ്റർ ചാരായവുമായി സ്റ്റേഷൻ മാസ്റ്റർ മേലുകാവ് ഇല്ലിക്കൽ ജെയിംസ് ജോർജ് (48) പിടിയിലായി.
സഹപ്രവർത്തകർ കൈമാറിയ വിവരത്തെ തുടർന്ന് പാലാ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ബി.ആനന്ദരാജിന്റെ നേതൃത്വത്തിൽ ജെയിംസ് ജോർജ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞയാഴ്ച യാത്രക്കാരെന്ന മട്ടിൽ പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ ആനന്ദരാജും സംഘവും ഇയാളെ വളഞ്ഞെങ്കിലും ചാരായം കണ്ടെത്താനായില്ല. ഇതിനിടെയാണ് ഇന്നലെ വിജിലൻസ് പരിശോധന നടത്തിയത്. തുടർ നടപടികൾക്കായി പാലാ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിനെ വിജിലൻസ് വിഭാഗം വിവരം അറിയിച്ചു. എക്സൈസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി സർവീസിൽ നിന്ന് സസ്പെൻഡും ചെയ്തു. അതേസമയം തന്നെ കുടുക്കാൻ ആരോ ബാഗിൽ ചാരായം വച്ചെന്നാണ് ജെയിംസിന്റെ വിശദീകരണം.