ചങ്ങനാശേരി: രക്താര്‍ബുദം ബാധിച്ചു മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്ന ഒൻപത് വയസുകാരൻ ദേവാനന്ദന് ചികിത്സാ സഹായത്തിന് ഉതകുന്ന റേഷൻ കാർഡ് ഇന്ന് ഭക്ഷ്യ മന്ത്രി കുടുംബത്തിന് നൽകും. കുറിച്ചി പഞ്ചായത്തിലെ 14ാം വാര്‍ഡ് കുമരംകുളം പുതുപ്പറമ്പ് വീട്ടില്‍ പി.ഡി അനീഷ്-ശാരി ദമ്പതികൾക്കാണ് പുതിയ റേഷൻ കാർഡ് നൽകുന്നത്. കുടുംബത്തിന് വെള്ളനിറത്തിലുള്ള എ.പി.എൽ കാർഡാണ് ഉണ്ടായിരുന്നത്. അതിനാൽ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇവർക്ക് ലഭിച്ചിരുന്നില്ല. അയൽവാസിയായ പി.എസ് രാജേഷ് വിവരം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരനെ അറിയിക്കുകയും തുടർന്ന് ഭക്ഷ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയുമായിരുന്നു. മന്ത്രി ഇടപെട്ട് എ എ വൈ വിഭാഗത്തിലുള്ള കാർഡ് അനുവദിക്കുകയായിരുന്നു. ഇന്ന് മണ്ഡലത്തിൽ എത്തുന്ന ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ദേവനന്ദന്റെ ബന്ധുക്കൾക്ക് കാർഡ് കൈമാറും.