vacine-camp


അടിമാലി: അടിമാലി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ അടിമാലിയിൽ നടക്കുന്ന വാക്‌സിനേഷൻ ക്യാമ്പിനെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ കുറെ ദിവസങ്ങളിലായി കൊവിൻ വെബ് സൈറ്റിൽ അടിമാലിയിലെ വാക്‌സിനേഷൻ സെന്റർ കാണിക്കുന്നില്ല. പക്ഷെ ഇവിടെ മിക്കവാറും ദിവസങ്ങളിൽ വാക്‌സിനേഷൻ നടക്കുകയും ചെയ്യുന്നു. എന്നാൽ സമൂഹ മാദ്ധ്യമങ്ങൾ വഴി ദിവസേന എല്ലാ ഗ്രൂപ്പുകളിലേക്കും വാക്‌സിൻ വിതരണം നടക്കുന്നതായി അറിയിപ്പു വരും. ഇത് കണ്ട് രാവിലെ കാലം മുതൽ വാക്‌സിനേഷൻ സെന്റർ ആയ സെന്റ് ജോർജ്ജ് പള്ളിയുടെ പാരിഷ് ഹാളിന് മുൻപിൽ നൂറുകണക്കിന് ആളുകൾ ക്യൂ നിൽക്കും. ആരോഗ്യ വകുപ്പ് അധികൃതർ 9.30 ആകുമ്പോൾ സെന്ററിൽ എത്തി ക്യൂവിൽ നിൽക്കുന്നവർക്ക് വാക്‌സിൻ ഇല്ല എന്നും മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേയുള്ളൂ എന്ന് പറഞ്ഞു വിടുന്നു. ചില ദിവസങ്ങളിൽ ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകും . ക്യൂവിലുള്ള 60 പേർക്ക് ടോക്കൺ നൽകി കഴിയുമ്പോൾ 100 പേർക്ക് മാത്രമേ വാക്‌സിൻ ഉള്ളൂ എന്ന് പറഞ്ഞ് ടോക്കൺ അവസാനിപ്പിക്കും. അതുപോലെ അടിമാലിയിൽ നടക്കുന്ന വാക്‌സിനേഷൻ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ആയതിനാൽ മറ്റ് പഞ്ചായത്തിലുള്ളവർക്കും ഇവിടെ എത്തി വാക്‌സിൻ എടുക്കാം. തൻമൂലം ഏറ്റവും ജന സാന്ദ്രതയുള്ള അടിമാലിയിൽ വാക്‌സിന്റെ ലഭ്യത കൂട്ടണം എന്ന ആവശ്യവും ശക്തമാണ്. അതിനാൽ അടിമാലിയിലെ വാക്‌സിൻ വിതരണം സംബന്ധിച്ച കൃത്യമായ വിവരം ആരോഗ്യ വകുപ്പ് അധികൃതർ കൃത്യമായി അറിയിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്ന ആവശ്യവും ശക്തമാകുന്നു. കഴിഞ്ഞ ദിവസം വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് അധികൃതരുമായി കയ്യേറ്റം ഉണ്ടാവുകയും പൊലീസ് എത്തിയാണ് വാക്‌സിൻ വിതരണം പിന്നീട് നടന്നത്.