അടിമാലി: വനപാലകരുടെ അനുമതി വേണ്ടാതെ പട്ടയ ഭൂമിയിൽ നിന്നും മുറിക്കാവുന്ന മരങ്ങൾ കൊണ്ടു പോകുന്നതിന് വനപാലകർ സാക്ഷ്യപത്രം നൽകണമെന്ന ഡിവിഷനിൽ ഓഫീസറുടെ ഉത്തരവ് പാലിക്കില്ലെന്ന് കേരള ഫോറസ്റ്റ് പ്രൊട്ട്ക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ കമ്മറ്റി തീരുമാനിച്ചു. ഇന്നലെ അടിമാലിയിൽ കൂടിയ യോഗമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. വനം വകുപ്പിന്റെ അനുമതി ആവശ്യമില്ലാത്തതും കർഷകർക്ക് നിയമപ്രകാരം മുറിച്ചു കൊണ്ടുപോകാവുന്ന 28 ഇനം മരങ്ങൾക്ക് സെക്ഷൻ,ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാർ സാക്ഷ്യപത്രം നൽകണമെന്നാണ് മൂന്നാർ ഡിവിഷണൽ ഓഫീസറുടെ ഉത്തരവുണ്ട്. നാളുകളായി ഈ രീതിയാണ് ഡിവിഷനിൽ നടക്കുന്നത്. ഇതാണ് ഭാവിയിൽ പാലിക്കേണ്ടതില്ലെന്ന് വനപാലകരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ സാക്ഷ്യപത്രം നൽകിയതിന്റെ പേരിൽ ഇപ്പോൾ സെക്ഷനിലെ വനപാലകർ ക്രൂശിക്കപ്പെടുകയാണ്. വിവാദമാറ റവന്യു ഉത്തരവിന്റെ പേരിൽ കോടികളുടെ മരങ്ങൾ ഓരോ സെക്ഷനിൽ നിന്നും കടത്തിയിട്ടുണ്ട്. ഇതിനെല്ലാം സെക്ഷനിലെ വനപാലകർ സാക്ഷ്യപത്രവും നൽകിയിട്ടുണ്ട്. ഇപ്പോൾ ഇതിന്റെ പേരിൽ മുഖ്യ വനപാലകർ കീഴ്ജീവനക്കാരെ കുറ്റക്കാരാക്കി ഇതിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നു. മരങ്ങൾ കടത്തിയപ്പോൾ ചെക്ക് പോസ്റ്ററുകളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരേയും മേലുദ്യോഗസ്ഥർ കുറ്റവാളികളായി ചിത്രീകരിക്കുന്നു. മേലുദ്യോഗസ്ഥർ അറിഞ്ഞ് നടത്തിയ വനംകൊള്ള കീഴ് ജീവനക്കാരുടെ തലയിൽ കെട്ടിവെയ്ക്കുകയാണ്. ഇതിനെതിരെയാണ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ കമ്മറ്റി രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിൽ ഒരിടത്തും കർഷകർക്ക് മുറിക്കാൻ സ്വാതന്ത്ര്യം ഉള്ള മരങ്ങൾ മുറിച്ചു കൊണ്ടു പോകുന്നതിന് വനം വകുപ്പിന്റെ സാക്ഷി പത്രം ആവശ്യമില്ല.കോട്ടയം ഡിവിഷനിലെ സി.എച്.ആർ ഉൾപ്പെടുന്ന കുമളി,അയ്യപ്പൻ കോവിൽ റേഞ്ച് കളിൽ ഒന്നും ഇങ്ങനെ ഒരു നിർദേശം നിലവിലില്ല.റേഞ്ച് ഓഫീസർമാർ നൽകുന്ന പാസുകളിൽ മാത്രമേ പരിശോധിച്ചു ഉറപ്പ് വരുത്തി ഒപ്പിടേണ്ട ബാദ്ധ്യത സംരക്ഷണ വിഭാഗം ജീവനക്കാർക്ക് ഉള്ളു.
കോട്ടയം ഡിവിഷനിലെ കുമളി ,അയ്യപ്പൻ കോവിൽ റേഞ്ചിലെ സി.എച്ച്. ആർ മേഖലയിൽ നിന്നും തലക്കോട് ചെക്‌പോസ്റ്റിലൂടെ കടന്നു പോകുന്ന പ്ലാവ്,ആഞ്ഞിലി,യൂക്കാലി റബ്ബർ തുടങ്ങിയ28 ഇനം മരങ്ങൾക്ക് കർഷകർ സ്വയം തയ്യാറാക്കുന്ന പ്രതിജ്ഞാ പത്രം വാഹനത്തിൽ കരുതിയാൽ മതി. എന്നാൽ മൂന്നാർ ഡിവിഷനിലെ ദേവികുളം,അടിമാലി,നേര്യമംഗലം റേഞ്ച്കളിൽ നിന്നും പോകുന്ന മരങ്ങൾക്ക് മാത്രമാണ് വനപാലകരുടെ സാക്ഷ്യപത്രം ആവശ്യമായി വരുന്നത്. ഈ സാഹചര്യത്തിൽ ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നാർ ഡി.എഫ്.ഒ.യെ സമീപിക്കാനും കെ.എസ്.എഫ്.പി.എസ്.ഒ. ജില്ലാ കമ്മിറ്റി തീരുമാനിച്ചു.യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ.റ്റി. സാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എസ് അനീഷ്, സെക്രട്ടറി പി. ശ്രീകുമാർ , പി.ജി. സന്തോഷ്, കെ.കെ. പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.