അടിമാലി: മയക്കുമരുന്ന് ലഹരിയിൽ തട്ടികൊണ്ട് പോകൽ നാടകം കളിച്ച മൂന്ന് അംഗ സംഘത്തെ നാട്ടുകാർ തടഞ്ഞ് നിർത്തി പൊലീസിൽ ഏൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയുടെയും വെള്ളത്തൂവൽ സ്വദേശി ജോജി (35). ആലപ്പുഴ സ്വദേശി പ്രവീൺ രാജ് (34) എന്നിവരുടെ പേരിൽ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തു.അടിമാലി കല്ലാർ ഭാഗത്ത് ശനിയാഴ്ച രാത്രി 9 നായിരുന്നു സംഭവം. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘംവെള്ളിയാഴ്ച്ച മൂന്നാറിലെത്തി. .ഇവർ കുരിശുപാറ ഭാഗത്തെ റിസോർട്ടിൽ റൂം എടുത്തു.ശനിയാഴ്ച്ച രാത്രി 9ന് രണ്ട് പുരുഷൻമാരും യുവതിയും കാറിൽ അടിമാലിക്ക് സാധനങ്ങൾ വാങ്ങാൻ വരികയായിരുന്നു. കല്ലാർ ഭാഗത്ത് എത്തിയപ്പോൾ കാറിൽ ഉണ്ടായിരുന്ന യുവതി ഇവർ തന്നെ തട്ടികൊണ്ട് പോകുന്നതായി നാട്ടുകാരോട് വിളിച്ച് പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട സമീപത്തെ വർക്ക്‌ഷോപ്പ് നടത്തിപ്പുകാർ നാട്ടുകാരുടെ സഹായത്തോടെ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചു. വാഹനത്തെ പിൻതുടർന്ന് സംഘത്തെ പിടികൂടി.യുവതിയും യുവാക്കളും മയക്കുമരുന്ന് ലഹരിയിലാണെന്നും കണ്ടെത്തി. സംഭവം അറിഞ്ഞ് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു.ഇതിനിടെ യുവതിയുടെ ലഹരി വിട്ടു. തങ്ങൾ സുഹൃത്തുക്കളാണെന്നും തങ്ങളെ വിട്ടയ്ക്കണം എന്നാവശ്യപ്പെട്ട് യുവതി പൊലീസിനോട് തട്ടി കയറി. തട്ടിക്കൊണ്ട്പോകുന്നത് സംബന്ധിച്ച് താൻ ലഹരിയിൽ തമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു യുവതിയുടെ മൊഴി. പൊലീസ് റിസോർട്ടിൽ എത്തി ഇവർ ഒരുമിച്ച് വന്നതാണെന്ന് ബോദ്ധ്യപ്പെട്ട് ജാമ്യത്തിൽ വിട്ടയച്ചു.