പാലാ: രാമപുരം റൂട്ടിൽ വെള്ളിലാപ്പിള്ളി ജംഗ്ഷനിലെ അപകടമേഖലയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കുമെന്ന് രാമപുരം പൊലീസ് എസ്.എച്ച്.ഒ. ജോയി മാത്യു പറഞ്ഞു. ഇവിടെ സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം 'കേരളകൗമുദി ' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഈ ഭാഗത്ത് റോഡിന്റെ അശാസ്ത്രീയ നിർമ്മാണവും അപകടങ്ങൾക്ക് ആക്കംകൂട്ടുന്നുണ്ട്.ആവശ്യത്തിന് ഹംപുകളോ റിഫ്‌ളക്ടറുകളോ ഇവിടെയില്ല.
അപകടസൂചന വ്യക്തമാക്കുന്ന ഒരു ബോർഡ് പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. മുമ്പ് ഏഴാച്ചേരി റോഡിന് അഭിമുഖമായി ഒരു മിറർ സ്ഥാപിച്ചിരുന്നു. ഏതോ വാഹനമിടിച്ച് ഇതും തകർന്നു. ഈ ഭാഗത്തെ റോഡിന്റെ ചെരിവും ഭീഷണിയാണ്.
സ്ഥിരമായി ഇവിടെ പൊലീസിനെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുക പ്രായോഗികമല്ല. എന്നാൽ ഈ മേഖലയിൽ പട്രോളിംഗ് ശക്തമാക്കുമെന്ന് ഇൻസ്‌പെക്ടർ ജോയി മാത്യു പറഞ്ഞു.
അമിതവേഗത വില്ലൻ
റോഡ് നെടു നീളെ കിടക്കുന്നതിനാൽ വാഹനങ്ങൾ പലപ്പോഴും അമിതവേഗതയിലാണ് വരുന്നത്. ഇത് തടയാൻ കൂടെക്കൂടെ ഇവിടെ വാഹന പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഈ ഭാഗത്ത് അമിതവേഗതയിൽ വാഹനമോടിക്കുന്ന ഡ്രൈവർമാരെ താക്കീത് ചെയ്യും.