quarters

ചങ്ങനാശേരി: പൊതുജനങ്ങളെ സംരക്ഷിക്കുന്ന നിയമപാലകരുടെ ക്വാർട്ടേഴ്‌സ് ജീവിതം ദുരിതപൂർണ്ണം. കുറിച്ചി കാലായിൽപ്പടിയിൽ സ്ഥിതി ചെയ്യുന്ന പൊലീസ് ക്വട്ടേഴ്‌സാണ് അറ്റകുറ്റപ്പണികൾ നടത്താതെ നാശത്തിലേക്ക് കൂപ്പുകുത്തിയത്. മൂന്ന് കെട്ടിടങ്ങളിലായി 14 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കെട്ടിടങ്ങളുടെ ചുവരുകൾ വിണ്ടു കീറിയും പുല്ലുചെറു വൃക്ഷങ്ങളും ഭിത്തികളിൽ വളർന്നു പടർന്ന നിലയിലാണ്. ഏത് സമയത്തും നിലംപൊത്താമെന്ന നിലയിലാണ് കെട്ടിടങ്ങളുടെ സ്ഥിതി. ജനൽച്ചില്ലുകളും പൊട്ടിതകർന്ന നിലയിലാണ്. കെട്ടിടത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങളും പരിമിതമാണ്. ഡ്രെയിനേജ് പൊട്ടിയൊഴുകുന്ന വെള്ളം ക്വാർട്ടേഴ്‌സ് കെട്ടിടത്തിനു പിൻവശത്ത് കെട്ടികിടക്കുകയാണ്. ഇവിടെ കെട്ടികിടക്കുന്നവെള്ളവും ഡ്രെയിനേജിലെ വെള്ളവും റോഡിലേയ്ക്ക് ഒഴുകുന്ന സ്ഥിതിയുമുണ്ട്. കൂടാതെ, ക്വട്ടേഴ്‌സിന്റെ പ്രവേശന ഭാഗത്തും മലിനജലം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അസഹ്യമായ ദുർഗന്ധമാണ് ഇവിടെ നിന്നും വമിക്കുന്നത്. മഴപെയ്യുന്നതിനാൽ കെട്ടിക്കിടക്കുന്ന വെള്ളം നിറഞ്ഞ് റോഡിലേയ്ക്കും ഒഴുകിപ്പോകുന്നതിനും ഇടയാക്കുന്നു. മഴക്കാല പൂർവ്വ രോഗങ്ങൾക്കും കൊതുകുകൾ പെരുകുന്നതിനും ഇടയാക്കുന്നു.നിരവധി പേരാണ് ക്വട്ടേഴ്‌സിലെ ദുരിത ജീവിതമൂലം മാറി താമസിക്കുന്നത്. മരങ്ങളുടെ വേരുകളിറങ്ങി ഭിത്തികൾ പലയിടത്തും വിണ്ടു കീറിയ നിലയിലുമാണ്. ശക്തമായ ഒരു കാറ്റോ മഴയോ എത്തിയാൽ കെട്ടിടം ഇടിഞ്ഞു വീഴുമെന്ന സ്ഥിതിയാണ്. കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം അപകടാവസ്ഥയിൽ നിൽക്കുന്ന കെട്ടിടങ്ങളും ഇവിടെയുണ്ട്. ക്വട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിൽ സ്റ്റേഷനിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ കൂട്ടിയിട്ട നിലയിലാണ്. ഇവ കാടും പടർപ്പും മൂടിയ നിലയിലാണ്. സംരക്ഷണ ഭിത്തികളും ഇവിടെയില്ല. ഇതിനു സമീപത്താണ് മലിനജലം കെട്ടിക്കിടക്കുന്നതും. ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രവും കൂടിയാണ് ഇവിടം. അറ്റകുറ്റപ്പണികൾ നടത്തിയിട്ട് ആറ് വർഷമായി. പൊതുമരാമത്ത് വകുപ്പ് അധികൃതരെ വിവരം അറിയിച്ചാലും അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിച്ചു എന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. അടിയന്തരമായി ക്വർട്ടേഴ്‌സ് നന്നാക്കണമെന്ന ക്വർട്ടേഴ്‌സിൽ താമസിക്കുന്നവരുടെ ആവശ്യം ശക്തമാകുന്നു.