പനച്ചിക്കാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആയിരത്തി ഒരുനൂറിലധികം വീടുകളിൽ പാലും മുട്ടയും നൽകി കോൺഗ്രസ് ജനപ്രതിനിധികൾ. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂൾ, കുഴിമറ്റം വാർഡുകളിലെ മുഴുവൻ വീടുകളിലും നൽകാനായി പതിനോരായിരം മുട്ടയും ആയിരത്തി ഒരുനൂറ് ലിറ്റർ പാലും വേണ്ടിവന്നു.
കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ സഹകരണത്തോടെ പത്ത് ഘട്ടമായാണ് പദ്ധതി പൂർത്തിയാക്കിയത്. വീടൊന്നിന് ഒരു ലിറ്റർ പാലും പത്ത് മുട്ടയുമാണ് നൽകിയത്. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ചെലവഴിച്ച ഈ പദ്ധതിക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയിമാത്യുവും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ജീനാജേക്കബും മൂന്നു മാസത്തെ ഓണറേറിയവും സംഭാവന നൽകി.
മണർകാട്ടെ സർക്കാർ പൗൾട്രി ഫാമിൽ നിന്നാണ് മുട്ടയെത്തിച്ചത്. വാർഡുകളിലെ തന്നെ ക്ഷീര കർഷകരിൽ നിന്നും പാൽ ശേഖരിച്ചു. സംസ്ഥാനത്തെ ഒരു പ്രദേശത്തു പോലും നടപ്പാക്കാത്ത ഒരു സഹായ പദ്ധതിയാണ് ഏറ്റെടുത്തതെന്നും പാലും മുട്ടയും ഉത്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാനും ഇതിലൂടെ സാധിച്ചെന്നും വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു.