കടുത്തുരുത്തി: കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന് വേണ്ടി ആപ്പാഞ്ചിറയിൽ ലഭ്യമാക്കിയിരിക്കുന്ന 8 ഏക്കർ സ്ഥലത്ത് പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം ഈ വർഷം ആരംഭിക്കാൻ നടപടികൾ നടത്തിവരികയാണെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന്റെ വിവിധ ആവശ്യങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് പി.ടി.എ കമ്മിറ്റി തയാറാക്കിയ വികസന രേഖ രക്ഷിതാക്കളിൽ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന്റെ ചെയർപേഴ്‌സൺ എന്ന നിലയിൽ ആവശ്യമായ സഹായ നടപടികൾ പരമാവധി വേഗത്തിൽ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതായി എംഎൽഎ അറിയിച്ചു.