covid

കോട്ടയം: പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിന് താഴെയായിരുന്ന കോട്ടയത്ത് കൊവിഡ് നിയന്ത്രണം കൈവിട്ട സ്ഥിതിയിൽ. എ കാറ്റഗറിയിൽ നിന്ന് ബി കാറ്റഗറിയിലേക്ക്. എട്ടു ശതമാനത്തിൽ വരെ ടി.പി.ആർ എത്തിയ സ്ഥാനത്ത് ഞായറാഴ്ച 11.03 ശതമാനമായി . പ്രതിരോധ കുത്തിവെപ്പിലും ജില്ല പിറകിലാണ് . ആദ്യ ഡോസ് എടുത്ത് നൂറ് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് കിട്ടാതെ കാത്തിരിക്കുന്നവരും നിരവധി. വൃദ്ധരും ഇക്കൂട്ടത്തിലുണ്ട്. അതേ സമയം രാഷ്ട്രീയ , ഉദ്യോഗസ്ഥ സ്വാധീനത്താൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച യുവാക്കളുമുണ്ട്.

 സ്വകാര്യ ആശുപത്രിയിൽ വാക്സിനേഷന് വൻ തിരക്ക്

സൗജന്യ വാക്സിനേഷന് കാത്തിരുന്നു മടുത്തവർ സ്വകാര്യ ആശുപത്രികളെ സമീപിച്ചതോടെ അവിടെയും തിരക്കായി. പ്രമുഖ സ്വകാര്യ ആശുപത്രികളിൽ കൊവിഷീൽഡ് വാക്സിൻ സ്റ്റോക്കുണ്ട്. 780 രൂപയാണ് ഈടാക്കുന്നത്. വാക്സിൻ തീരുമെന്നു കരുതി ഇടി കൂടിയതോടെ ശുപാർശ വരെ വേണമെന്നായി. ഒരു ആശുപത്രിയിൽ മാത്രം രണ്ട് ഘട്ടമായി 25000 ഡോസ് വാക്സിൻ എത്തിയിരുന്നു. മൂന്ന് മുറികൾ വാക്സിനേഷൻ കേന്ദ്രമാക്കിയിട്ടും ഇവിടെ ക്യൂവാണ്.

 രണ്ടാം ഡോസിന് കാത്തിരിപ്പ്

ഒന്നാം ഡോസ് ലഭിച്ച് നൂറ് ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസ് കിട്ടാത്തത് ആയിരങ്ങൾക്കാണ് .ഇവരുടെ കൃത്യമായ കണക്ക് ആരോഗ്യ വകുപ്പിന്റെ കൈവശവുമില്ല. വാക്സിൻ ലഭ്യത കുറഞ്ഞതാണ് രണ്ടാം ഡോസിനെയും ബാധിച്ചത്. സുപ്രിം കോടതി ഇടപെടലോടെ വാക്സിൻ സൗജനമാക്കിയതിനാൽ കേന്ദ്ര ക്വാട്ട അനുസരിച്ചേ കേരളത്തിന് വാക്സിൻ ലഭിക്കൂ. ജനസംഖ്യാനുപാതികമായി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമ്പോൾ കേരളത്തിനുള്ള വിഹിതം കുറയുന്നു. സൗജന്യമാക്കിയതോടെ പണം കൊടുത്തു സംസ്ഥാനങ്ങൾക്ക് വാങ്ങാനും കഴിയില്ല .

 സാമൂഹ്യ അകലം പാലിക്കാത്തതിനും മാസ്ക് ശരിയായി ധരിക്കാത്തതിനുമൊക്കെ പിഴ ഈടാക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാകുന്നില്ല. എവിടെയും ആൾകൂട്ടമാണ്. ബക്രീദ് കണക്കിലെടുത്ത് ഇളവ് അനുവദിച്ചതോടെ കടകളിലും റോഡുകളിലും വൻ തിരക്കായി. ഗതാഗത കുരുക്കും രൂക്ഷമായി. അവധി ദിവസങ്ങളിൽ കൊവിഡ് പരിശോധന കുറവാണ് . ഇളവ് ആസ്വദിച്ചുള്ള പെരുന്നാൾ ആഘോഷം കഴിയുമ്പോൾ കോട്ടയം പോസിറ്റിവിറ്റി നിരക്കിൽ സി കാറ്റഗറിയിലേക്ക് കൂപ്പു കുത്തുമോ എന്ന ഭീതിയിലാണ് അധികൃതർ.