കറുകച്ചാൽ: ലോറി ഡ്രൈവറെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിച്ചു. തോട്ടയ്ക്കാടിന് സമീപം പ്രവർത്തിക്കുന്ന കോൺക്രീറ്റ് മിക്‌സിംഗ് പ്ലാന്റിലെ ലോറി ഡ്രൈവർ മല്ലപ്പള്ളി സ്വദേശി സോജൻ (55)നാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച രാവിലെ 11.45 ഓടെ നെത്തല്ലൂരിന് സമീപമായിരുന്നു സംഭവം. വെണ്ണിക്കുളത്ത് ലോഡ് ഇറക്കിയ ശേഷം തോട്ടയ്ക്കാടിന് മടങ്ങിവരുമ്പോൾ രണ്ട് ബൈക്കുകളിൽ എത്തിയ സംഘം ലോറി തടഞ്ഞുനിർത്തിയ ശേഷം സോജനെ ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയതോടെ അക്രമികൾ ബൈക്കിൽ കടന്നുകളഞ്ഞു. സോജനെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ ഫാക്ടറിയിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് ഒൻപത് തൊഴിലാളികളെ താത്കാലികമായി പുറത്താക്കിയിരുന്നു. ഇവർ പണിമുടക്കിന് ആഹ്വാനം നൽകിയിരുന്നു. പണിമുടക്കിൽ പങ്കെടുക്കാതെ ജോലിയ്ക്ക് ഇറങ്ങിയതാണ് ആക്രമണത്തിന് പിന്നിലെന്ന് ഫാക്ടറി അധികൃതരും സോജനും പറഞ്ഞു. സംഭവത്തെ തുടർന്ന് പൊലീസിൽ പരാതി നൽകി. കറുകച്ചാൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.