കുമരകം: ഇന്നലെ പകൽ മഴ മാറി മാനം തെളിഞ്ഞതോടെ ജലനിരപ്പിൽ ചെറിയ കുറവ്. ഒഴുകിയെത്തുന്ന കിഴക്കൻ വെള്ളം കായലിലേക്കും കടലിലേക്കും ഒഴുകി മാറാൻ തടസം നേരിടുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. കൈപ്പുഴമുട്ട് , ചീപ്പുങ്കൽ , കവണാറ്റിൻകര ആറുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കൽ നീക്കാത്തതും തടസം സൃഷ്ടിക്കുന്നു. കോട്ടയം-കുമരകം റോഡിൽ മൂന്നുമൂല ഭാഗത്ത് നിന്നും വെള്ളമിറങ്ങിത്തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം ഇപ്പോഴും വെള്ളമാണ് . പല വീടുകളിൽ നിന്നും വെള്ളം പൂർണ്ണമായി ഇറങ്ങാൻ ഇനിയും ദിവസങ്ങൾ കഴിയണം. വർഷ കൃഷി ഇല്ലാത്ത പാടശേഖരങ്ങളുടെ തുരുത്തുകളിലും പുറം ബണ്ടുകളിലും താമസിക്കുന്നവർക്കാണ് ഇപ്പോഴും ദുരിതം. മേഖളയിൽ പുതിയ ദുരിതാശ്വാസ ക്യാമ്പുകളൊന്നും തുടങ്ങിയിട്ടില്ല.